Latest Videos

അരുണാചലില്‍ കാണാതായ വ്യോമസേനാ വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു

By Web TeamFirst Published Jun 6, 2019, 9:15 AM IST
Highlights

ജൂണ്‍ മൂന്നിന് ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് 12.25-നാണ് വിമാനം പറന്നുയർന്നത്. ഒരു മണിയോടെ വിമാനത്തിൽ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ല. 

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കാണാതായ എ എൻ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചിൽ തുടരുന്നു. വിമാനത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേർ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചിൽ നടത്തി. ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്.

മഴ തുടരുന്നത് തെരച്ചിൽ ദുഷ്ക്കരമാക്കുകയാണ്. അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്. ഇതേസമയം വിമാനം പരിഷ്ക്കരിക്കാത്തതിനാൽ എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തനക്ഷമമായിരുന്നില്ല എന്നും അതിനാലാണ് വിമാനം കണ്ടെത്താൻ വൈകുന്നതെന്നും വിദഗ്ധർ വിമർശനമുന്നയിച്ചു.

ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് 12.25-നാണ് വിമാനം പറന്നുയർന്നത്. ഒരു മണിയോടെ വിമാനത്തിൽ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ല. എട്ട് വ്യോമസേനാ ഉദ്യോഗസ്ഥരും അഞ്ച് യാത്രക്കാരും അടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനായി സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന. 

ഒരു മണിക്ക് ഏറ്റവുമൊടുവിൽ സന്ദേ‌ശം ലഭിക്കുമ്പോൾ അസമിനും അരുണാചൽ പ്രദേശിനും ഇടയിലായിരുന്നു വിമാനമുണ്ടായിരുന്നത്. അരുണാചൽ പ്രദേശിലെ മെച്ചുക എയർഫീൽഡിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്തിലേക്ക് തുടർച്ചയായി ബന്ധപ്പെടാൻ പിന്നീട് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അരമണിക്കൂറോളം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചത് വിഫലമായതോടെ വ്യോമസേന ഉടനടി തെരച്ചിലിനായി വിമാനങ്ങളെ നിയോഗിക്കുകയായിരുന്നു. അസമിൽ ലഭ്യമായ സുഖോയ് 30 പോർവിമാനങ്ങളും സി - 130 പ്രത്യേക പോർ വിമാനങ്ങളും തെരച്ചിൽ നടത്തുന്ന സംഘത്തിലുണ്ട്. 

click me!