
ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ യുവാവ് രണ്ട് അയൽവാസികളെ വെട്ടിക്കൊന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് അയൽക്കാർ ദുർമന്ത്രവാദം ചെയ്തതിനാലാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ പ്രതിയായ ചത്രപതി സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെയാണ് അതിദാരുണമായ കൊലപാതകം നടന്നത്. ചത്രപതിക്ക് കുട്ടികൾ ഇല്ലാത്തതിൽ വലിയ മനോവിഷമം ഉണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
കൂടാതെ ചത്രപതിയുടെ ഒരു കുഞ്ഞിന് ഗർഭാവസ്ഥയിലിരിക്കെ തന്നെ ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നിലും അയൽക്കാരുടെ ദുർമന്ത്രവാദമാണെന്നാണ് ചത്രപതി പറയുന്നത്. ഇന്നലെ അയൽക്കാരായ കേവൽ സിംഗിനേയും അദ്ദേഹത്തിന്റെ ഭാര്യ ഫൂൽമതിയേയും വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. പൂജ നടക്കുന്നുണ്ടെന്ന വ്യാജേനയാണ് ഇരുവരേയും വീട്ടിലെത്തിച്ചത്. ശേഷം കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇടപെടാൻ ശ്രമിച്ചപ്പോൾ ചത്രപതി അവരേയും അക്രമിക്കാൻ ശ്രമിച്ചു.
കേവൽ സിംഗും ഭാര്യയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്. പിന്നാലെ പ്രതി മുറിയിൽ കയറി ഇരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam