യൂറോപ്യന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നിലെ മാഡി ശര്‍മ ആര്; വിവാദം മുറുകുന്നു

By Web TeamFirst Published Oct 30, 2019, 11:50 AM IST
Highlights

വിദേശ പ്രതിനിധികള്‍ക്ക് കത്തയക്കാന്‍ ആരാണ് മാഡി ശര്‍മയെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമല്ല. ഇത്രയും ഗൗരവമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഭാഗമല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് അനുമതി ലഭിച്ചതെന്നതിലും ദുരൂഹതയുണ്ട്.

ദില്ലി: യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയതിനെച്ചൊല്ലി വിവാദം കനക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നേരിട്ടല്ല ഇവരെ ക്ഷണിച്ചെന്നും മാഡി ശര്‍മയെന്ന(മധു ശര്‍മ) ബിസിനസ് ഇടനിലക്കാരിയും അവര്‍ നടത്തുന്ന എന്‍ജിഒയുമാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയതെന്നുമുള്ള രേഖകള്‍ പുറത്തുവന്നു. കശ്മീര്‍ സന്ദര്‍ശിക്കാനും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സൗകര്യമൊരുക്കാമെന്ന് യൂറോപ്യന്‍ എംപിമാര്‍ക്ക് ഇവര്‍ അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായി. മാഡി ശര്‍മക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിവിധ പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

വിദേശ പ്രതിനിധികള്‍ക്ക് കത്തയക്കാന്‍ ആരാണ് മാഡി ശര്‍മയെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമല്ല. ഇത്രയും ഗൗരവമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഭാഗമല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് അനുമതി ലഭിച്ചതെന്നതിലും ദുരൂഹതയുണ്ട്. 370ാം വകുപ്പ് റദ്ദാക്കിയ ശേഷം രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും കശ്മീരില്‍ സന്ദര്‍ശനം നിഷേധിച്ച പശ്ചാത്തലത്തിലാണ് വിദേശ പ്രതിനിധികള്‍ക്ക് അനുമതി ലഭിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം മാഡി ശര്‍മ(വലത്തേയറ്റം)

വിമന്‍സ് എകോ-നോമിക് ആന്‍ഡ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്ന നോണ്‍ പ്രോഫിറ്റ് എന്‍ജിഒ ആണ് വിദേശ പ്രതിനിധികളെ ക്ഷണിച്ചത്. മാഡി ശര്‍മയാണ് എന്‍ജിഒയുടെ ഡയറക്ടര്‍. 2013ലാണ് എന്‍ജിഒ രജിസ്റ്റര്‍ ചെയ്യുന്നത്. 14 രാജ്യങ്ങളില്‍നിന്ന് അംഗങ്ങള്‍ ഉണ്ടെന്ന് സംഘടന അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരുടെ ബജറ്റ് കഴിഞ്ഞ വര്‍ഷം 19 ലക്ഷം രൂപ മാത്രമായിരുന്നു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഡി ഗ്രൂപ്പാണ് എന്‍ജിഒക്ക് പിന്തുണ നല്‍കുന്നതെന്നും വ്യക്തമായി. ഡയറക്ടറായ മാഡി ശര്‍മയുടെ പേരിലുള്ളതാണ് മാഡി ഗ്രൂപ് എന്ന വിവരവും പുറത്തുവന്നു. 

മാഡി ശര്‍മയുടെ പ്രൊഫൈലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, യൂറോപ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നു. നോട്ടിംഗ്ഹാമിലെ ബിസിനസ് അംബാസഡറാണെന്നും പ്രൊഫൈലില്‍ പറയുന്നു. യൂറോപ്യന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിറ്റിയുടെ വെബ്സൈറ്റിലാണ് മാഡി ശര്‍മയുടെ പ്രൊഫൈല്‍. എന്നാല്‍, യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലൊന്നും മാഡി ശര്‍മയുടെ സംഘടനയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ബെല്‍ജിയം, ക്രൊയേഷ്യ, ഫ്രാന്‍സ്, പോളണ്ട്, യുകെ, ഇന്ത്യ, അഫ്ഗാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണെന്ന് സംഘടന അവകാശപ്പെടുന്നു. മാഡി ഗ്രൂപ്പിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ അവര്‍ക്ക് 131 എന്ന പേരില്‍ ബിസിനസ് ബ്രോക്കറേജ് കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. 

click me!