ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനി കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിജയ താഹിൽരമാനി രാജി വച്ചെങ്കിലും കത്ത് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. രാജിക്കത്ത് നൽകിയ സാഹചര്യത്തിൽ ഇനി കോടതി നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് വിജയ താഹിൽരമാനിയുടെ തീരുമാനം.
ഈ സാഹചര്യത്തിൽ തമിഴ്‍നാട് നിയമമന്ത്രി സി വി ഷൺമുഖം അനുനയത്തിനായി ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കാണുകയാണ്. കോടതി നടപടികൾ തടസ്സപ്പെടുകയാണെന്നും കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ ആയിരക്കണക്കിന് കേസുകൾ അവതാളത്തിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് തിരികെ ചുമതലയിൽ പ്രവേശിക്കണമെന്ന് മന്ത്രി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനി രാജി വച്ചത്.
രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിൽ ഒരാളാണ് വിജയ താഹിൽരമാനി. ദീർഘകാലപരിചയമുള്ള വനിതാജഡ്‍ജിമാരിൽ മുൻനിരക്കാരി. ചെന്നൈയിലെ 75 ജഡ്‍ജിമാരുള്ള ഒരു ഹൈക്കോടതിയും, 32 ജില്ലകളിലെ സബോർഡിനേറ്റ് കോടതികളും, പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തെ കോടതികളുടെയും തലപ്പത്ത് നിന്നാണ് വെറും മൂന്ന് ജഡ്‍ജിമാരും ഏഴ് ജില്ലകളിലെ സബോർഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ താഹിൽ രമാനിയെ സ്ഥലം മാറ്റുന്നത്.
രാജ്യത്തെ മുൻനിരകോടതിയിൽ നിന്ന് തീർത്തും ചെറിയ കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിലൂടെ തന്നെ തരംതാഴ്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി അവർ കൊളീജിയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കൊളീജിയം അത് പരിഗണിക്കാതെ തള്ളി. ഇതിന് മറുപടിയായി ഒറ്റ നടപടിയേ വിജയ താഹിൽരമാനിയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ - രാജി.
മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍രമാനിയാണ്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്‍കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.
2017-ലും സമാനമായ സംഭവമുണ്ടായിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാനിരിക്കെ ജസ്റ്റിസ് ജയന്ത് പട്ടേലിനെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് അദ്ദേഹം രാജി വച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജയന്ത് പട്ടേൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam