പി ചിദംബരത്തിന് പിന്നാലെ കാര്‍ത്തിക്കും തിരിച്ചടി, സ്റ്റേ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Aug 21, 2019, 11:08 PM IST
Highlights

തമിഴ്‌നാട്ടിൽ മുതുകാട് എന്നയിടത്തെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും ഭാര്യയും 1.35 കോടി രൂപ അനധികൃതമായി വാങ്ങിയെന്നും അത് കൃത്യമായി വരുമാനരേഖകളിൽ കാണിച്ചില്ലെന്നുമുള്ള ആരോപണമാണ് കേസിന് ആധാരം. 

ദില്ലി: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കുടുംബത്തിനും കോടതിയില്‍ ഒന്നിന് പിന്നാലെ ഒന്നായി തിരിച്ചടി. ഐ‌എൻ‌എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മകൻ കാർത്തി ചിദംബരത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും സ്റ്റേ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ കാര്‍ത്തി ചിദംബരത്തിന്‍റെയും ഭാര്യയുടെയും അപേക്ഷയാണ് മദ്രാസ് ഹൈക്കോടതി ഇന്ന് തള്ളിയത്.

എം‌പിമാര്‍ക്കും എം‌എൽ‌എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലുള്ള കേസ് സ്റ്റേ ചെയ്യണമെന്നായിരുന്നു കാർത്തി ചിദംബരത്തിന്‍റെ ആവശ്യം. തമിഴ്‌നാട്ടിൽ മുതുകാട് എന്നയിടത്തെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും ഭാര്യയും 1.35 കോടി രൂപ അനധികൃതമായി വാങ്ങിയെന്നും അത് കൃത്യമായി വരുമാനരേഖകളിൽ കാണിച്ചില്ലെന്നുമുള്ള ആരോപണമാണ് കേസിന് ആധാരം. കുറ്റകൃത്യം നടന്ന സമയത്ത് താൻ എംപിയല്ലെന്ന് പറഞ്ഞാണ് കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് തെക്കൻ തമിഴ്‍നാട്ടിലെ ശിവഗംഗ മണ്ഡലത്തിൽ നിന്ന് കാർത്തി ചിദംബരം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂമിയിടപാട് ഇതിന് മുമ്പായിരുന്നു നടന്നതെന്നാണ് കാർത്തിയുടെ വാദം. 

അതേസമയം,  ഐ‌എൻ‌എക്സ് മീഡിയ കേസിൽ കടുത്ത പ്രതിഷേധങ്ങൾക്കൊടുവില്‍ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വലിച്ചിഴച്ച് പിടിച്ചുമാറ്റിയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് മാറ്റിയത്.

Also Read: നാടകീയത, ഒടുവിൽ ചിദംബരം അറസ്റ്റിൽ: വീടിന്‍റെ മതിൽ ചാടി സിബിഐ 

click me!