മോദി-ഷീ ചിൻപിങ് കൂടിക്കാഴ്ച: ഫ്ലക്സ് നിരോധനത്തിന് ഇളവ് നല്‍കി മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Oct 3, 2019, 1:39 PM IST
Highlights

മദ്രാസ് ഹൈക്കോടതി തന്നെ ഉത്തരവ് ​കാറ്റിൽപ്പറത്തി മോദി-ഷീ ചിൻപിങ് ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഫ്ലക്സുകൾ സ്ഥാപിക്കാൻ സർക്കാരിന് അനുമതി നൽകിയിരിക്കുകയാണ്. 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് തമ്മിലുള്ള ഉഭയകക്ഷി ചർച്ചയുടെ ഭാഗമായി തമിഴ്നാട്ടിൽ  ഫ്ലക്സുകൾ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. സംസ്ഥാനത്ത് ഫ്ലക്സ് നിരോധനം കർശനമായി നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണുണ്ടായ അപകടത്തിൽ ഇരുപത്തിമൂന്നുകാരി മരിച്ച സംഭവത്തെ തുടർന്നായിരുന്നു കോടതി ഉത്തരവ്.

എന്നാൽ, മദ്രാസ് ഹൈക്കോടതി തന്നെ ഉത്തരവ് ​കാറ്റിൽപ്പറത്തി മോദി-ഷീ ചിൻപിങ് ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഫ്ലക്സുകൾ സ്ഥാപിക്കാൻ സർക്കാരിന് അനുമതി നൽകിയിരിക്കുകയാണ്. തമിഴ്നാട്ടിലെ മഹാബലിപ്പുരത്ത് കൊടോബർ 11 മുതൽ 13 വരെയാണ് ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച നടക്കുക.

സെപ്തംബര്‍ 12നാണ് അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന ശുഭശ്രീ മരിച്ചത്. ഐഎല്‍ടിഎസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശുഭയുടെ ജീവനെടുക്കാനായി ഫ്ലക്സ് സ്കൂട്ടറിന് മുകളിൽ വീണത്. ഫ്ലക്സ് പൊട്ടി തലയിലേക്ക് വീഴുകയും പിന്നാലെ വന്ന ടാങ്കർ സ്കൂട്ടറിലിടിക്കുകയും ചെയ്തായിരുന്നു ശുഭശ്രീ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. 

Read More: ഫ്ലക്സ് ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; പ്രതികൾക്കെതിരെ നടപടി എടുക്കാതെ സർക്കാർ, വിമർശിച്ച് കോടതി

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിലവിലെ മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നുവീണത്. ജയഗോപാലിന്‍റെ മകന്‍റെ വിവാഹപരസ്യമായിരുന്നു ഫ്ലക്സ് ബോര്‍ഡ്. ചെന്നൈ പള്ളിക്കരണിയിലെ പ്രധാന പാതയില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ഡിവൈഡറിന് മുകളില്‍ ഫ്ലക്സ് സ്ഥാപിച്ചിരുന്നത്. സംഭവത്തിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ കഴിഞ്ഞ മാസം 28-ന് അലന്തൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തിരുന്നു.

Read More: ഫ്ലക്സ് ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; എഐഎഡിഎംകെ നേതാവിനെ റിമാന്‍റ് ചെയ്തു

സംഭവത്തിൽ സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നും കോടതി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെ 3500 ഫ്ലക്സുകൾ ചെന്നൈയില്‍ നിന്ന് മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അനധികൃത ബാനറുകള്‍ മാറ്റിയത്. ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്കും പ്രിന്‍റ് ചെയ്ത് നല്‍കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അനധികൃത ബാനറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കുന്നതിന് ഹെല്‍പ്പലൈന്‍ നമ്പറുകളും തുറന്നിട്ടുണ്ട്.

കോടതി വിമർശനത്തിന് പിന്നാലെ പൊതുയോഗങ്ങളിൽ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തകർ ഇനി ഫ്ലക്സുകൾ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതുകൂടാതെ ഫ്ലക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രത്താരങ്ങളും രം​ഗത്തെത്തിയിരുന്നു.

തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ നിര്‍ദ്ദേശിച്ചു. യുവതിയുടെ മരണത്തിന്റെ ഉത്തരവാദി തമിഴ്നാട് സർക്കാരാണെന്ന് വിമർശിച്ച് നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസനും രം​ഗത്തെത്തിയിരുന്നു.  
 

click me!