ചെന്നൈ: സ്കൂട്ടറിന് മുന്നിലേക്ക് ഫ്ലക്സ് വീണ് അപകടത്തില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. അപകടം നടന്ന് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ട് എന്ന് കോടതി ചോദിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെ ഇതുവരെ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

ഇതിനിടെ അപകടം പ്രതിപക്ഷവും മാധ്യമങ്ങളും പെരുപ്പിച്ച് കാണിക്കുകയാണെന്ന ഡിഎംഡികെ നേതാവ് പ്രമേലത വിജയകാന്തിന്‍റെ പ്രസ്താവന വിവാദമായി. ഫ്ലക്സ് വീണ് മരിച്ചത് പെണ്‍കുട്ടിയുടെ വിധിയാണെന്നും ചെറിയ സംഭവത്തെ വലുതാക്കി ചിത്രീകരിക്കുയാണെന്നുമായിരുന്നു പ്രമേലത വിജയകാന്തിന്‍റെ പരാമര്‍ശം. അതേസമയം, പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകള്‍ക്കിടെ ഫ്ലക്സ് സ്ഥാപിച്ച അണ്ണാ ഡിഎംകെ നേതാവ് ജയഗോപാല്‍ ഒളിവിലാണ്.

ചെന്നൈയിൽ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായിരുന്നു 23കാരി ശുഭശ്രീയാണ് ഫ്ലക്സ് സ്കൂട്ടറിന് മേൽ വീണുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ചത്. ഐഎല്‍ടിഎസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശുഭയുടെ ജീവനെടുക്കാനായി ഫ്ലക്സ് സ്കൂട്ടറിന് മുകളിൽ വീണത്. ഫ്ലക്സ് പൊട്ടി തലയിലേക്ക് വീഴുകയും പിന്നാലെ വന്ന ടാങ്കർ സ്കൂട്ടറിലിടിക്കുകയും ചെയ്താണ് ശുഭശ്രീ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിലവിലെ മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നുവീണത്. ജയഗോപാലിന്‍റെ മകന്‍റെ വിവാഹപരസ്യമായിരുന്നു ഫ്ലക്സ് ബോര്‍ഡ്. ചെന്നൈ പള്ളിക്കരണിയിലെ പ്രധാന പാതയില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഡിവൈഡറിന് മുകളില്‍ ഫ്ലക്സ് സ്ഥാപിച്ചത്. സംഭവത്തിൽ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് ജയഗോപാലിനെതിരെ പൊലീസ് കേസ് എടുത്തിടുത്തത്. ചെന്നൈയിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റായ രവിയുടെയും ​ഗീതയുടെയും മകളാണ് ശുഭശ്രീ.

യുവതിയുടെ മരണത്തിൽ നേരത്തെ സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നായിരുന്നു കോടതിയുടെ വിമർശനം. വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നും കോടതി പ്രതികരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെ 3500 ഫ്ലക്സുകൾ ചെന്നൈയില്‍ നിന്ന് മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അനധികൃത ബാനറുകള്‍ മാറ്റിയത്. ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്കും പ്രിന്‍റ് ചെയ്ത് നല്‍കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അനധികൃത ബാനറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കുന്നതിന് ഹെല്‍പ്പലൈന്‍ നമ്പറുകളും തുറന്നിട്ടുണ്ട്.

കോടതി വിമർശനത്തിന് പിന്നാലെ പൊതുയോഗങ്ങളിൽ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തകർ ഇനി ഫ്ലക്സുകൾ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതുകൂടാതെ ഫ്ലക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആവസ്യപ്പെട്ട് ചലച്ചിത്രത്താരങ്ങളും രം​ഗത്തെത്തി. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ നിര്‍ദ്ദേശിച്ചു.

ഇതുകൂടാതെ യുവതിയുടെ മരണത്തിന്റെ ഉത്തരവാദി തമിഴ്നാട് സർക്കാരാണെന്ന് വിമർശിച്ച് നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ രം​ഗത്തെത്തിയിരുന്നു. യുവതിയുടെ മരണത്തിന്  ഉത്തരവാദികളായ രാഷ്ട്രീയകാർക്ക് നേരെ കർശന നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.