'കോണ്ടം മുതല്‍ ഐസ്ക്രീം' വരെയുള്ള നിരവധി ഉപഭോഗ വസ്തുക്കളുടെ പരസ്യത്തിന് താല്‍ക്കാലിക വിലക്കുമായി കോടതി

By Web TeamFirst Published Nov 12, 2020, 10:56 PM IST
Highlights

ഇത്തരം ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അത് യുവതലമുറയെ സാരമായി ബാധിക്കുന്നുവെന്നുമായിരുന്നു

കോണ്ടം, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ലൈംഗിക ശേഷി തകരാര്‍ പരിഹരിക്കാനുള്ള മരുന്നുകള്‍, സോപ്പ്, പെര്‍ഫ്യൂം, ഐസ് ക്രീം അടക്കമുള്ള ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കുമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. അശ്ലീലത പ്രകടമാക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക്. ബുധനാഴ്ചയാണ് കോടതിയുടെ തീരുമാനമെത്തുന്നത്. വിരുത് നഗറിലെ രാജപാളയം സ്വദേശിയായ സഹദേവരാജയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. 

ഇത്തരം ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അത് യുവതലമുറയെ സാരമായി ബാധിക്കുന്നുവെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറഞ്ഞത്. ആക്ഷേപകരമായ രീതിയിലാണ് ഇത്തരം പരസ്യങ്ങളില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. സെന്‍സര്‍ ബോര്‍ഡിന്‍റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ടെലിവിഷനുകളില്‍ ഇത്തരം പരസ്യങ്ങളുടെ സംപ്രേക്ഷണം നിരോധിക്കണമെന്നും പരാതിക്കാരന്‍ വിശദമാക്കുന്നതായാണ് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജസ്റ്റഇസ് എന്‍ കിറുപാകരന്‍, ബി പുഗളേന്ദി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയ കോടതി വിഷയത്തില്‍ വിവര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും തമിഴ്നാട് വികസന വകുപ്പിനോടും അഭിപ്രായം അറിയിക്കാനും നിര്‍ദ്ദേശിച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. 2017ല്‍ പ്രൈം ടൈമില്‍ കോണ്ടത്തിന്‍റഎ പരസ്യം സംപ്രേക്ഷണം ചെയ്യുന്നത് വാര്‍ത്താ വിതരണ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ ആറുമുതല്‍ രാത്രി പത്ത് വരെയായിരുന്നു ഇത്തരം പരസ്യങ്ങള് സംപ്രേക്ഷണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീകളെ ആക്ഷേപിക്കുന്നവയാണെന്ന് കണ്ടായിരുന്നു തീരുമാനം. 

click me!