'നീതി ഉറപ്പാക്കണം', തമിഴ്നാട് ഐപിഎസ് ഉദ്യോഗസ്ഥ പീഡിപ്പിക്കപ്പെട്ടെന്ന പരാതിയിൽ മദ്രാസ് കോടതി

By Web TeamFirst Published Jun 18, 2021, 3:30 PM IST
Highlights

അന്വേഷണം നീണ്ടു പോകുന്നത് അംഗീകരിക്കാനാകില്ല. ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് പോലും നീതി നൽകാൻ പൊലീസിന് കഴിയാത്തത് ഖേദകരമാണെന്നും കോടതി വിലയിരുത്തി. 

ചെന്നൈ: തമിഴ്നാട്ടില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന കേസിൽ ഡിജിപിക്കെതിരായ അന്വേഷണം ആറ് ആഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമന്ന് മദ്രാസ് ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന സിബിസിഐഡിക്കാണ് കോടതി നിര്‍ദേശം നൽകിയത്. അന്വേഷണം നീളുന്നുവെന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ. 

അന്വേഷണ സംഘത്തെ വിമർശിച്ച കോടതി വനിതാ ഉദ്യോഗസ്ഥക്ക് നീതി ഉറപ്പ് വരുത്തണമെന്നും നിർദ്ദേശിച്ചു. അന്വേഷണം നീണ്ടു പോകുന്നത് അംഗീകരിക്കാനാകില്ല. ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് പോലും നീതി നൽകാൻ പൊലീസിന് കഴിയാത്തത് ഖേദകരമാണെന്നും കോടതി പരാമർശിച്ചു. തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശം നൽകി. 

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കാറില്‍ വച്ച് ഡിജിപി അപമര്യാദയായി പെരുമാറിയെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ തമിഴ്നാട് സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. അന്നത്തെ  മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ സന്ദ‌ർശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം ഉണ്ടായത്. പരാതി നൽകുന്നതിൽ നിന്ന് പിൻമാറാൻ തനിക്ക് മേൽ സഹപ്രവർത്തകർ സമ്മർദ്ദം ചെലുത്തിയതായും ഉദ്യോഗസ്ഥ പരാതിപ്പെട്ടിരുന്നു. 

 

click me!