രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Aug 29, 2019, 11:47 AM IST
Highlights

തമിഴ്നാട് സർക്കാരിന്റെ ശുപാർശ കണക്കിലെടുത്ത് പ്രതികളുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

മുംബൈ: രാജീവ് ഗാന്ധി വധക്കേസിൽ 25 വർഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട് സർക്കാരിന്റെ ശുപാർശ കണക്കിലെടുത്ത് പ്രതികളുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

കേസിൽ എല്ലാ കുറ്റവാളികളെയും വിട്ടയക്കാൻ സെപ്‌തംബർ ഒൻപതിന് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച പ്രമേയം ഇപ്പോഴും ഗവർണറുടെ പരി​ഗണനയിലാണ്. ഈ ശുപാർശയുടെ തൽസ്ഥിതി തേടാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ നളിനി ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ശുപാർശയിൽ തീരുമാനം കൈകൊള്ളാൻ ഗവർണറോട് നിർദേശിക്കാനാകിലെന്നും തൽസ്ഥിതി തേടാനാകില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കി. 

മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പേർക്കാണ്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. 

41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ  എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബർട്ട് പയസ്, ജയകുമാർ, നളിനി, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു.  
 

click me!