മദ്രാസ് യൂണി. ക്യാമ്പസിൽ രാത്രി വൈകിയും സമരം, പൊലീസ് കയറി, പിൻവാങ്ങി, സർവകലാശാല അടച്ചു

By Web TeamFirst Published Dec 17, 2019, 7:07 PM IST
Highlights

ഉടൻ ഹോസ്റ്റൽ വിട്ടുപോകണമെന്ന് റജിസ്ട്രാർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇതോടെയാണ് സർ‍വകലാശാല അടയ്ക്കാൻ തീരുമാനിച്ചത്. 

ചെന്നൈ: പൗരത്വ നിയമഭേദഗതി പിൻവലിക്കും വരെ മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സമരം അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടുപോകണമെന്നും റജിസ്ട്രാർ ഉത്തരവിട്ടെങ്കിലും ഇതിന് തയ്യാറല്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇതോടെ സർവകലാശാല അടച്ചിടാൻ തീരുമാനിച്ചു. തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇത് മറികടന്നും സർവകലാശാലയുടെ ഉള്ളിൽ കനത്ത പ്രതിഷേധസമരം തുടരുകയാണ്. രാത്രി വൈകിയും സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

പറ ഉൾപ്പടെയുള്ള വാദ്യങ്ങളും നിരവധി പോസ്റ്ററുകളുമായി സർവകലാശാലയുടെ അകത്ത് വിദ്യാർത്ഥികൾ തമ്പടിച്ചിട്ടുണ്ട്. പൊലീസെത്തിയാലും സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥി സമരസമിതി അറിയിച്ചു. 

നിലവിൽ സർവകലാശാലയുടെ പുറത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്ന് വിദ്യാർത്ഥികളോട് പറയാൻ ഒരു സംഘം പൊലീസ് സർവകലാശാലയുടെ അകത്ത് കടന്നു. വിദ്യാർത്ഥികൾ ഇതിന് വഴങ്ങാൻ തയ്യാറായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള തീരുമാനം പിന്നീട് പൊലീസ് പിൻവലിച്ചു. ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് പൊലീസിന്‍റെ ഈ നീക്കം. 

ക്ലാസുകൾ ബഹിഷ്കരിച്ചാണ് മദ്രാസ് സർവകലാശാലയിൽ സമരം തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയർപ്പിച്ചായിരുന്നു സമരം. 

മദ്രാസ് ഐഐടിയിലും പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച ഗജേന്ദ്ര സ‍ർക്കിളിനകത്ത് നിന്ന് തുടങ്ങിയ സമരം ഇപ്പോഴും തുടരുന്നു. പൗരത്വ നിയമഭേദഗതി പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്നും ഐഐടി വിദ്യാർത്ഥികൾ വ്യക്തമാക്കി. പോണ്ടിച്ചേരി സർവകലാശാലയിലും സമരം സജീവമാണ്. ക്ലാസുകൾ ബഹിഷ്കരിച്ചാണ് പോണ്ടിച്ചേരി സർവകലാശാലയും ജാമിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്കിടെ തമിഴ്‍നാട് സെൻട്രൽ യൂണിവേഴ്സിറ്റി അടച്ചിട്ടു.

തമിഴ്നാട്ടിലെമ്പാടും വൻ പ്രതിഷേധപ്രകടനങ്ങളാണ് പ്രതിപക്ഷപാർട്ടിയായ ഡിഎംകെ സംഘടിപ്പിച്ചത്. മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം എന്ന് ആരോപിച്ചാണ് ഡിഎംകെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ചെന്നൈ, കാഞ്ചീപുരം, തൂത്തുക്കുടി, രാമനാഥപുരം എന്നിവടങ്ങളിൽ ഡിഎംകെ പ്രവർത്തകർ മാർച്ച് നടത്തി. രാജ്യത്തിന്‍റെ ഐക്യത്തിൽ മുറിവ് ഏൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ഒറ്റക്കെട്ടായുള്ള ചെറുത്ത് നിൽപ്പുണ്ടാകുമെന്നും, കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രതിഷേധിച്ചത് ഇത് തെളിയിക്കുന്നുവെന്നും ഡിഎംകെ എം പി കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്ന് പറഞ്ഞ കമൽഹാസൻ തന്‍റെ പാർട്ടി മക്കൾ നീതി മയ്യം നിയമഭേദഗതിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന നിലപാടിലാണ്. 

click me!