
ചെന്നൈ: കൊറോണ വൈറസ് എന്ന മാഹാമാരിക്കെതിരെ ഒരു മനസോടെ പോരാടുകയാണ് ലോക ജനത. ഈ പ്രതിസന്ധി ഘട്ടത്തിലും നിരവധി സുമനസുകളുടെ വാർത്തകൾ പുറത്തുവരുകയാണ്. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നൽകി മാതൃക ആകുകയാണ് ഒരു ഭിക്ഷാടകൻ.
മധുരൈ സ്വദേശിയായ പൂള്‍ പാണ്ഡ്യനാണ് ഒമ്പത് തവണകളായി 90,000 രൂപ ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിച്ചത്. ഈ കാരുണ്യ പ്രവർത്തനത്തിന് ജില്ലാ കളക്ടര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. മെയ് 18ന് പതിനായിരം രൂപയാണ് പാണ്ഡ്യന്‍ ആദ്യം സംഭാവന നൽകിയത്. പിന്നാലെ എട്ട് പ്രാവശ്യവും പതിനായിരം രൂപ വച്ച് അധികാരികളെ ഏൽപ്പിക്കുകയായിരുന്നു. ജനങ്ങളില്‍ നിന്ന് ദാനമായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നല്‍കിയത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആദരിക്കേണ്ടവരുടെ പട്ടികയില്‍ ജില്ലാ കളക്ടര്‍ പാണ്ഡ്യന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ സമയത്ത് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ അവസാനമായ് പതിനായിരം രൂപ സംഭാവനയായി നല്‍കാന്‍ ജില്ലാ ആസ്ഥാനത്ത് എത്തിയപ്പോള്‍ അധികൃതര്‍ പാണ്ഡ്യനെ കളക്ടറുടെ ചേമ്പറില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് കളക്ടര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
ഇതാദ്യമായല്ല ഇത്തരം സൽപ്രവൃത്തികൾ പാണ്ഡ്യൻ ചെയ്യുന്നത്. അടുത്തിടെ സര്‍ക്കാള്‍ സ്‌കൂളിലേക്ക് മേശയും കസേരയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായി ഇദ്ദേഹം പണം സംഭാവനയായി നല്‍കിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തൂത്തുക്കുടി സ്വദേശിയായ പാണ്ഡ്യന്‍, മക്കൾ ഉപേക്ഷിച്ചതോടെ ഭിക്ഷ യാചിക്കാന്‍ തുടങ്ങുകയായിരുന്നു. ലോക്ക്ഡൗണിൽ സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തിലായിരുന്നു പാണ്ഡ്യന്‍റെ താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam