
മുംബൈ: മുംബൈയിലെ ബാറുകളിലും റസ്റ്ററന്റുകളിലും നിന്നായി അനധികൃതമായി 4.70 കോടി രൂപ പിരിച്ചെടുത്തെന്ന കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഒൻപത് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം തള്ളിയാണ് അനിലിനെ ജുഡീഷൽ കസ്റ്റഡിയൽ വിട്ടത്.
പിഎംഎൽഎ കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ ഒന്നിനാണ് അനിൽ ദേശ്മുഖ് അറസ്റ്റിലായത്. പിരിച്ചെടുത്ത പണം ദേശ്മുഖിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാഗ്പുരിലെ ശ്രീസായി ശക്തി സൻസ്ഥ എന്ന വിദ്യാഭ്യാസ ട്രസ്റ്റിൽ നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.
ദേശ്മുഖിന്റെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ സഞ്ജീവ് പലന്ദെ, ദേശ്മുഖിന്റെ പേഴ്സണൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവരെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ പോലീസ് കമ്മീഷണറായിരുന്ന സച്ചിൻ വാസിനെയാണ് പണം പിരിക്കാൻ ദേശ്മുഖ് ചുമതലപ്പെടുത്തിയത്.
എന്നാൽ, ആരോപണങ്ങളെല്ലാം ദേശ്മുഖ് തള്ളിക്കളഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ നുണപറയുകയാണെന്നായിരുന്നു ദേശ്മുഖ് കോടതിയെ ബോധിപ്പിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam