'കൈവെട്ടും, കണ്ണ് ചൂഴ്ന്നെടുക്കും', ഹരിയാനയിൽ കൊലവിളി പ്രസംഗവുമായി ബിജെപി എംപി

By Web TeamFirst Published Nov 6, 2021, 9:13 PM IST
Highlights

കോൺഗ്രസ് പ്രവർത്തകരടക്കം കേൾക്കാനാണ് താനിക്കാര്യം പറയുന്നതെന്നുമായിരുന്നു ഒരു പൊതു പരിപാടിയിൽ എംപിയുടെ പ്രസംഗം.   പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കർഷക നേതാക്കളടക്കം രംഗത്തെത്തി. 

ദില്ലി: ഹരിയാനയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനെ കർഷകർ (farmers) തടഞ്ഞുവെച്ച സംഭവത്തിൽ കൊലവിളി പ്രസംഗവുമായി ബിജെപി (bjp) എംപി ഡോ. അരവിന്ദ് ശർമ്മ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെ തടഞ്ഞുവെക്കുന്നവരെ കായികമായി നേരിടുമെന്നാണ് ബിജെപി എംപിയുടെ ഭീഷണി. മനീഷ് ഗ്രോവറിനെ  ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവരുടെ കൈകൾ വെട്ടിമാറ്റുമെന്നും കണ്ണുകൾ ചുഴ്ന്ന് എടുക്കുമെന്നുമാണ് ഭീഷണി. കോൺഗ്രസ് പ്രവർത്തകരടക്കം കേൾക്കാനാണ് താനിക്കാര്യം പറയുന്നതെന്നുമായിരുന്നു ഒരു പൊതു പരിപാടിയിൽ എംപിയുടെ പ്രസംഗം.   പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കർഷക നേതാക്കളടക്കം രംഗത്തെത്തി. 

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയിൽ കഴിഞ്ഞ ദിവസം കർഷക പ്രതിഷേധമുയർന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ ആദി ശങ്കരാചാര്യരുടെ പ്രതിമ അനാഛ്ചാദനം ചെയ്ത പ്രധാനമന്ത്രിയുടെ പരിപാടി ലൈവായി കാണാനെത്തിയ ബിജെപി നേതാക്കളെയാണ് കർഷകർ തടഞ്ഞുവെച്ചത്. ക്ഷേത്രത്തിൽ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവർ ഉൾപ്പെടെയുള്ള നേതാക്കളെ എട്ട് മണിക്കൂറോളം കർഷകർ തടഞ്ഞുവെക്കുകയായിരുന്നു. കർഷകസമരം നടത്തുന്നത്  തൊഴിൽ ഇല്ലാത്ത മദ്യപന്മാരായണെന്ന ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജൻഗറുടെ  പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംപി പരാമർശം പിൻവലിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. 

click me!