മഹാ കുംഭമേള 2025; തത്സമയ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കുംഭവാണി എഫ് എം അവതരിപ്പിച്ച് ആകാശവാണി 

Published : Jan 11, 2025, 08:42 PM IST
മഹാ കുംഭമേള 2025; തത്സമയ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കുംഭവാണി എഫ് എം അവതരിപ്പിച്ച് ആകാശവാണി 

Synopsis

മഹാ കുംഭമേളയ്ക്ക് എത്താൻ കഴിയാത്തവരിലേക്ക് വിവരങ്ങൾ എത്തിക്കാൻ കുംഭവാണി എഫ് എം സഹായിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 

ദില്ലി: മഹാ കുംഭമേളയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പ്രത്യേക എഫ് എം ചാനൽ അവതരിപ്പിച്ച് ആകാശവാണി. കുംഭവാണി എന്ന പേരിലാണ് എഫ് എം ചാനൽ ആരംഭിച്ചിരിക്കുന്നത്. 103.5 MHz ഫ്രീക്വൻസിയിലാണ് എഫ് എം ചാനൽ പ്രക്ഷേപണം ചെയ്യുക. ജനുവരി 10 മുതൽ ഫെബ്രുവരി 26 വരെ ദിവസവും രാവിലെ 5:55 മുതൽ രാത്രി 10:05 വരെയാണ് പ്രക്ഷേപണം. വെള്ളിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കുംഭവാണി എഫ് എം ഉദ്ഘാടനം ചെയ്തത്. 

മഹാ കുംഭമേളയ്ക്ക് എത്താൻ കഴിയാത്തവരിലേക്ക് കുംഭവാണി എത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രത്യേക എഫ് എം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പ്രസാർ ഭാരതിയോടും യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു. കുംഭമേളയിൽ പങ്കെടുക്കണമെന്ന് ആ​ഗ്രഹിച്ചിട്ടും അതിന് സാധിക്കത്തവർക്ക് കുംഭവാണിയിലൂടെ വിവരങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും എല്ലാ വിവരങ്ങളും വിദൂര ഗ്രാമങ്ങളിലേക്ക് ഉൾപ്പെടെ എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന മാധ്യമമായി കുംഭവാണി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നാടോടി പാരമ്പര്യങ്ങളോടും സംസ്‌കാരത്തോടും ജനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ മാധ്യമമാണ് ആകാശവാണിയെന്ന് യോ​ഗി പറഞ്ഞു. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ ദൂരദർശൻ ദൃശ്യമാധ്യമങ്ങൾ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വകാര്യ ചാനലുകൾ ഉയർന്നുവന്നു. വളർന്നുകൊണ്ടിരിക്കുന്ന മാധ്യമ മേഖലയുമായി പൊരുത്തപ്പെടാൻ പ്രസാർ ഭാരതി ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചു. വിദൂര പ്രദേശങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് 2013ലെയും 2019ലെയും കുംഭമേളകളിൽ പ്രത്യേക എഫ്എം ചാനലായി കുംഭവാണി ആരംഭിച്ചിരുന്നുവെന്നും ഇപ്പോൾ വീണ്ടും 2025ൽ കുംഭവാണി തിരികെ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
മഹാ കുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്ന അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേളയിൽ മതവിഭാഗങ്ങളുടെയോ ജാതിയുടെയോ ലിംഗഭേദത്തിൻ്റെയോ തടസ്സങ്ങളില്ല. വിവേചനങ്ങളില്ലാതെ ഒരേ വെള്ളത്തിൽ കുളിക്കാൻ സമൂഹത്തിൻ്റെ നാനാതുറകളിലുള്ള ആളുകൾ ഒത്തുകൂടുകയാണെന്നും ഇതാണ് കുംഭമേളയുടെ ആത്മീയ സന്ദേശമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം, ഇത്തവണത്തെ കുംഭമേളയിൽ 45 കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

READ MORE: തലയിൽ 'കൃഷി' ഇറക്കി അനജ് വാലെ ബാബ, പ്രയാഗ് രാജ് മഹാ കുംഭമേളയിലെ താരം

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്