
ഓരോ വർഷവും ഇന്ത്യയിലും വിദേശത്തുമെല്ലാം യാത്ര, അഥവാ ടൂറിസം മേഖല വളരെ വേഗത്തിൽ വളരുന്ന കാഴ്ചയാണ് കാണാനാകുന്നത്. പ്രത്യേകിച്ച് കോവിഡിന് ശേഷം ടൂറിസത്തിന് രാജ്യങ്ങൾ ഒരുപോലെ പ്രാധാന്യം നൽകുന്നുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ ശക്തമായ സ്വാധീനം കാണാനാകും. ഇപ്പോൾ ഇതാ 2025 അതിന്റെ അവസാന മാസത്തിലേയ്ക്ക് കടക്കുമ്പോൾ ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റുകൾ എത്രത്തോളം വൈവിധ്യപൂർണ്ണമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ലിസ്റ്റ്.
ഇന്ത്യൻ സഞ്ചാരികൾ ആത്മീയ ടൂറിസത്തോട് വ്യക്തമായ ചായ്‌വ് കാണിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും ട്രെൻഡിംഗ് സെർച്ചുകളിൽ മഹാകുംഭ മേള 2025 ആണ് ഒന്നാം സ്ഥാനം നേടിയത്. ആത്മീയ ടൂറിസത്തിന്റെ ഉയർച്ചയെ അത് എത്രത്തോളം ശക്തമായി സ്വാധീനിച്ചു എന്നാണ് ഗൂഗിൾ റിപ്പോർട്ട് കാണിച്ചു തരുന്നത്. ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന സമയമാണിത്. ആഗോള ആത്മീയ-ടൂറിസം ഭൂപടത്തിൽ ഇന്ത്യയെ ഉറച്ചുനിൽക്കാൻ മഹാ കുംഭമേള സഹായിച്ചിട്ടുണ്ടെന്ന് യാത്രാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
സഞ്ചാരികൾക്ക് വാരണാസി, ഋഷികേശ്, ബോധ് ഗയ തുടങ്ങിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു കവാടമായി മഹാ കുംഭമേള മാറി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഗൈഡഡ് ടൂറുകളും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സഹായകമായി മാറിയെന്നാണ് വിലയിരുത്തൽ. ആത്മീയ-ടൂറിസം തരംഗത്തിന് കൂടുതൽ ശക്തി പകർന്നു കൊണ്ട് മറ്റൊരു പ്രധാന തീർത്ഥാടന കേന്ദ്രമായ സോമനാഥ് ടോപ്പ് ട്രെൻഡിംഗ് സെര്‍ച്ച് ലിസ്റ്റിൽ ഒമ്പതാം സ്ഥാനം നേടി.
ആത്മീയ ടൂറിസത്തിന്റെ വളർച്ച വ്യക്തമാണെങ്കിലും ബീച്ചുകളും ദ്വീപുകളുമെല്ലാം പട്ടികയിൽ ആധിപത്യം പുലർത്തി. ഫിലിപ്പീൻസ് (2-ാം സ്ഥാനം), വിയറ്റ്നാമിലെ ഫു ക്വോക്ക് (6-ാം സ്ഥാനം), തായ്‌ലൻഡിലെ ഫുക്കറ്റ് (7-ാം സ്ഥാനം), മാലിദ്വീപ് (8-ാം സ്ഥാനം) തുടങ്ങിയ സ്ഥലങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ട്രെൻഡിംഗ് സെർച്ചുകളിൽ കശ്മീർ (5-ാം സ്ഥാനം), പോണ്ടിച്ചേരി (10-ാം സ്ഥാനം) എന്നിവയും ഇടം നേടി. അന്തരാഷ്ട്ര ടൂറിസം രംഗത്ത് ദക്ഷിണേഷ്യയുടെ സ്വാധീനം ശക്തമായി മാറുന്നതാണ് പട്ടികയിൽ കാണാനാകുന്നത്.