
ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി ചടങ്ങിനെത്തും. ഇത്രയും ദിവസങ്ങളിലായി ആകെ 40 കോടി തീർത്ഥാടകർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.
മഹാകുംഭമേളക്കായി പ്രയാഗ് രാജിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നത്തെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങൾ നടക്കുക. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. 14000 മുതൽ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകൾ. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam