
ലഖ്നൌ: വരാനിരിക്കുന്ന മഹാകുംഭമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളുമായി യോഗി ആദിത്യനാഥ് സർക്കാർ. പ്രയാഗ് രാജിലെ സംഗം നഗരത്തിൽ നടക്കുന്ന 'മഹാകുംഭ് 2023'-ന്റെ ഭാമായി 300 കോടിയുടെ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. 'മഹാകുംഭ് 2025' സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ടൂറിസം സാധ്യതകളും പരമാവധി വികസിപ്പിക്കാൻ നിർദ്ദിഷ്ട പദ്ധതികൾ ലക്ഷ്യമിടുന്നു.
ഈ ശ്രമങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിൽ ഒരു 'ഡിജിറ്റൽ കുംഭ് മ്യൂസിയം' നിർമിക്കും. കുംഭമേളയുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം എടുത്തുകാട്ടാനും വിശ്വാസികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് 60 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മ്യൂസിയം ഒരുക്കുന്നത്. കുംഭമേളയുടെ ചരിത്രവും പുരാണങ്ങളും പൈതൃകവും വശദീകരിക്കുന്ന ഒരു വേദിയായിരിക്കും ഡിജിറ്റൽ മ്യൂസിയം. ഇവ സംബന്ധിച്ച പ്രൊപ്പോസൽ ടൂറിസം വകുപ്പ് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു.
ഇത്തരത്തിലുള്ള ഒന്നിലധികം പദ്ധതികൾക്ക് 170 കോടിയിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 120 കോടിയുടെ പൊതു സൌകര്യ വികസന ജോലികളും നടത്തും. 18 കോടി രൂപയാണ് നഗരത്തെ അണിയിച്ചൊരുക്കാനുള്ള വെളിച്ച അലങ്കാരത്തിനായി പ്രതീക്ഷിക്കുന്നത്. പ്രയാഗ്‌രാജിലെ മഹാകുംഭമേള 2025 ചരിത്രത്തിലെ സമാനതകളില്ലാത്ത അനുഭവമാക്കി മാറ്റുകയാണ് മുഖ്യമന്ത്രി യോഗി ലക്ഷ്യമിടുന്നത്. പ്രയാഗ് രാജ് സന്ദർശിക്കുന്ന രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് ഏറ്റവും മികച്ച സൌകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. 2025-ൽ നടക്കുന്ന കുംഭമേള വരും വർഷങ്ങളിലും ഭക്തരുടെ പ്രശംസ പിടിച്ചുപറ്റണമെന്ന ആഗ്രഹം അടുത്തിടെ നടന്ന യോഗത്തിൽ യോഗി ആദിത്യനാഥ് പ്രകടിപ്പിച്ചിരുന്നു.
ഡിജിറ്റൽ കുംഭ് മ്യൂസിയം സന്ദർശകർക്ക് കുംഭമേളയുടെ നൂതന അനുഭവ നൽകും. ഓഡിയോ-വീഡിയോ റൂമുകൾ, ആത്മീയമായ വിഷയങ്ങളിലുള്ള ഗാലറികൾ ഫുഡ് കോർട്ട് പുസ്തകമേള തിയേറ്റർ അതിഥി മന്ദിരം എന്നിവയടക്കം ഇതിന്റെ ഭാഗമായി ഉണ്ടാകും. ഡിജിറ്റൽ കുംഭ് മ്യൂസിയത്തിന്റെ പ്രവേശന ലോബിയിൽ 'സംഗം' നദിയുടെ ഡിജിറ്റൽ പ്രൊജക്ഷൻ അവതരിപ്പിക്കും. നൂതന രീതികളുടെ സഹായത്തോടെ മ്യൂസിയം ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളെ വ്യത്യസ്ത നിറങ്ങളിൽ ചിത്രീകരിക്കും. ഇതിനെല്ലാം പുറമെ തക്ഷക് തീർഥ്, കറാച്ച്ന മേഖലയിലെ ക്ഷേത്രങ്ങൾ, അക്ഷയാവത്/സരസ്വതി കൂപ്പ്/പതാൽപുരി മന്ദിർ, ഹനുമാൻ മന്ദിർ, ഫ്ലോട്ടിംഗ് ജെട്ടി, ഒരു റെസ്റ്റോറന്റ് എന്നിവയുടെ സൗന്ദര്യവൽക്കരണവും നിർമ്മാണ പദ്ധതികളും നിർദ്ദിഷ്ട പദ്ധതതിയിൽ ഉൾപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam