Asianet News MalayalamAsianet News Malayalam

'പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ, കുഞ്ഞു കാല്പാടുകൾ'; ആ നാല് പിഞ്ചുകുഞ്ഞുങ്ങൾക്ക് ജീവനുണ്ട്!, കെടാതെ പ്രതീക്ഷ!

ആമസോൺ മഴക്കാടുകളിൽ വിമാനം തകർന്ന് കാണാതായ നാല് പിഞ്ചു കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിന്റെ തൊട്ടടുത്താണ് തങ്ങൾ എന്ന് കൊളംബിയൻ സേന

Search for children missing in Colombia plane crash yields hope ppp
Author
First Published Jun 1, 2023, 2:22 PM IST

മസോൺ മഴക്കാടുകളിൽ വിമാനം തകർന്ന് കാണാതായ നാല് പിഞ്ചു കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിന്റെ തൊട്ടടുത്താണ് തങ്ങൾ എന്ന് കൊളംബിയൻ സേന. പലയിടത്തുനിന്നായി കിട്ടിയ സൂചനകൾ അവർ ജീവനോടെയുണ്ടെന്ന പ്രതീക്ഷകളുടെ തിരിനാളം അപകടമുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും കെടാതെ കാക്കുകയാണ്.

പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ, ചെളിപുരണ്ട ഒരു വെള്ളക്കുപ്പി, കമ്പും ഇലകളും കൊണ്ടുള്ള താത്കാലിക കൂര, നിലത്തു പതിഞ്ഞ കുഞ്ഞു കാല്പാടുകൾ - ഫ്ലാഷ് ലൈറ്റുകളുമായി  കുഞ്ഞുങ്ങളെ തിരഞ്ഞ് കാടിനുള്ളിലേക്ക് ചെല്ലുന്ന സൈനികർക്ക് മുന്നിലേക്ക്,  അവർ നാലും ജീവനോടെ ഉണ്ട് എന്ന് ഉറക്കെ വിളിച്ചു പറയുന്ന സൂചനകൾ വീണ്ടും വീണ്ടും എത്തുന്നു.  

കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ എന്ന മുപ്പത്തിമൂന്നുകാരിയുടെയും രണ്ടു പൈലറ്റുമാരുടെയും മൃതദേഹങ്ങൾ, അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടാഴ്ച മുമ്പ് സൈന്യം കണ്ടെടുത്തു പക്ഷേ, ഈ നാല് കുഞ്ഞുങ്ങളെ മാത്രം കണ്ടു കിട്ടിയില്ല. ഇവരെയും കൊണ്ട്  തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്ന്  പറന്നുയർന്ന സെസ്ന 206 വിമാനം,  കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽവച്ച്‌ തകർന്നു വീണത് ഒരുമാസം മുമ്പ്, മെയ് ഒന്നാം തീയതിയാണ്. 

പതിമൂന്നും ഒൻപതും നാലും വയസ്സുള്ള കുട്ടികളും വെറും 11 മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമാണ് ആമസോൺ വനാന്തരങ്ങളിൽ ഈ നിമിഷവും പുറത്തേക്കുള്ള വഴി തേടി അലഞ്ഞു കൊണ്ടിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് അന്വേഷണ സംഘം കണ്ടെത്തിയ കാല്പാടുകളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി ഇതാ പുതിയ കാല്പാടുകൾ. 

Read more: വെള്ളച്ചാലില്‍ അവധി ആഘോഷത്തിനിറങ്ങി, സഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിച്ച് പിരാനക്കൂട്ടം

ആകാശത്ത് കണ്ണുകളുമായി ഹെലികോപ്റ്ററുകളും ഉപഗ്രഹങ്ങളുമുണ്ട്, ഉൾക്കാട്ടിൽ സൈനികർക്കൊപ്പം, സ്‌നിഫർ നായ്ക്കളും കാടിന്റെ ഉള്ളറിയുന്ന ആദിവാസികളും. കൊടുങ്കാട്ടിനുള്ളിലെ മരണവുമായുള്ള ഒളിച്ചുകളിയിൽ, ഈ കുഞ്ഞുങ്ങൾ തന്നെ ജയിക്കണേ എന്ന പ്രാർത്ഥനയിലാണ് കൊളംബിയക്കൊപ്പം, ലോകവും. അതേസമയം കുട്ടികളെ കണ്ടെത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട് ഇത് തെറ്റാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരികയായിരുന്നു.

Follow Us:
Download App:
  • android
  • ios