വിമാനത്തിലെ ബോംബ് ഭീഷണി: വ്യാജമെന്ന് ഇറാൻ, ഗൗരവത്തോടെ നിരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന

By Web TeamFirst Published Oct 3, 2022, 1:17 PM IST
Highlights

ഇന്ത്യൻ വ്യോമ പാതയിൽ സഞ്ചരിക്കവേ വിമാനം കനത്ത നീരീക്ഷണത്തിലായിരുന്നുവെന്നും വ്യോമസേന

ദില്ലി:  ഇറാനിലെ ടെഹ്‌റാനിൽ നിന്ന് ചൈനയിലെ ഗാങ്സൂ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ മഹാൻ എയർ വിമാനത്തിൽ ഇന്നുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് ഇറാൻ. വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന് വിവരം ദില്ലി എടിഎസിനെ അറിയിച്ച പൈലറ്റിനോട് ജയ്പൂരിലോ, ഛണ്ഡീഗഡിലോ വിമാനം ഇറക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് പൈലറ്റ് തയ്യാറായില്ലെന്നും ഇന്ത്യൻ എയർ ഫോഴ്സ് അറിയിച്ചു. ബോംബ് ഭീഷണി ഇന്ത്യ ഗൗരവത്തോടെയാണ് എടുത്തതെങ്കിലും, വ്യാജമാണെന്ന ഇറാൻ അറിയിപ്പിനെ തുടർന്ന് ആശങ്കയൊഴിഞ്ഞു.

ബോംബ് ഭീഷണി വ്യാജമാണെന്ന് ഇറാനിൽ നിന്ന് സന്ദേശം ലഭിച്ചതോടെ വിമാനം ചൈനയിലേക്ക് തിരിച്ചതായി വ്യോമസേന അറിയിച്ചു. ഇന്ത്യൻ വ്യോമ പാതയിൽ സഞ്ചരിക്കവേ വിമാനം കനത്ത നീരീക്ഷണത്തിലായിരുന്നുവെന്നും വ്യോമസേന വ്യക്തമാക്കി.

ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്നു വിമാനം. ഈ സമയത്താണ് പൈലറ്റ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിലേക്ക് ബോംബ് ഭീഷണിയുണ്ടെന്ന വിവരം കൈമാറിയത്. ഇക്കാര്യം ഉടൻ ഇന്ത്യൻ വ്യോമസേനയെ ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു.

വിമാനത്തെ പിടികൂടാനായി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് - സു 30എംകെഐ യുദ്ധ വിമാനങ്ങളാണ് പറന്നുയർന്നത്. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരുന്നത്. എന്നാൽ ഭീഷണി വ്യാജമാണെന്ന വിവരം ലഭിച്ചതോടെ ഇന്ത്യൻ പോർവിമാനങ്ങൾ തിരിച്ചിറങ്ങി.

click me!