മഹാരാഷ്‌ട്ര മന്ത്രിസഭാ വിപുലീകരണം ഇന്ന്; അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയാകും

By Web TeamFirst Published Dec 30, 2019, 6:56 AM IST
Highlights

അജിത് പവാറിന് ആഭ്യന്തര വകുപ്പ് നൽകിയേക്കും. ധനഞ്ജയ് മുണ്ടെയ്ക്ക് ധനവകുപ്പ് നൽകുമെന്ന് സൂചന. കോൺഗ്രസിൽ നിന്ന് പത്തുപേർ മന്ത്രിസഭയിലേക്ക്. 
 

മുംബൈ: മഹാരാഷ്ട്രയിൽ മഹാവിഘാസ് അഖാഡി സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക. ധനകാര്യ വകുപ്പ് ധനഞ്ജയ് മുണ്ടെയ്ക്ക് നൽകാനാണ് സാധ്യത. രണ്ട് സുപ്രധാന വകുപ്പുകൾ ലഭിക്കുന്നതോടെ മഹാവിഘാസ് അഖാഡി സർക്കാരിൽ പിടിമുറുക്കുകയാണ് എൻസിപി.

കോൺഗ്രസിൽ നിന്നും 10 പേരായിരിക്കും മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യുക. മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിലെത്തും. എന്നാൽ മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍റെ കാര്യത്തിൽ തീരുമാനമായില്ല. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭ വികസനം നടക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് വിധാൻ ഭവനിലാണ് സത്യപ്രതിജ്ഞ.

അജിത് പവാറിന് ഉപമുഖ്യമന്ത്രിപദത്തില്‍ രണ്ടാം ഊഴം

മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകാനൊരുങ്ങുന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും മുന്‍പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇരുവരും രാജിവെച്ചു. ബിജെപിയുമായുള്ള സഖ്യം പൊളിഞ്ഞതോടെ അജിത് പവാര്‍ എന്‍സിപിയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. 

കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെയും ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി പിളര്‍ത്തി ബിജെപിയോടൊത്ത് സഖ്യമുണ്ടാക്കിയ അജിത് പവാറിനെ വീണ്ടും ഉപമുഖ്യമന്ത്രിയാക്കുന്നത് ശരദ് പവാറിന്‍റെ രാഷ്ട്രീയ തന്ത്രമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടിയില്‍ ഇപ്പോഴും അജിത് പവാറിന് കരുത്തുണ്ടെന്നാണ് ശരദ് പവാര്‍ കരുതുന്നത്.

ബിജെപിയോട് സഖ്യമുണ്ടാക്കിയത് ശരദ് പവാര്‍ അറിഞ്ഞിട്ടാണെന്ന അജിത് പവാറിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. അജിത് പവാറിന്‍റെ പ്രസ്താവന തള്ളിയാണ് ശരദ് പവാര്‍ മഹാവിഘാസ് അഖാഡിക്കൊപ്പം നിലയുറപ്പിച്ചത്.

click me!