മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി കൊവിഡ്; പവാറിനെ കണ്ട് ഉദ്ധവ് താക്കറെ

By Web TeamFirst Published May 26, 2020, 1:53 PM IST
Highlights

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സര്‍ക്കാറിന്റെ കഴിവുകേടാണെന്നാരോപിച്ച് ബിജെപി പ്രതിഷേധം കനപ്പിക്കുകയാണ്.
 

മുംബൈ: കൊവിഡ് 19 കേസ് വര്‍ധിക്കുന്നത് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദമാകുന്നു. പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തവും സുസ്ഥിരവുമാണെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ ശിവസേന എംപി സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍, ഇരു നേതാക്കളും എന്താണ് ചര്‍ച്ച ചെയ്തതെന്ന് എംപി വെളിപ്പെടുത്തിയിട്ടില്ല. ഗവര്‍ണര്‍ ബിഎസ് കോഷിയാരിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പവാര്‍ മുഖ്യമന്ത്രിയെ കണ്ടത്. 

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സര്‍ക്കാറിന്റെ കഴിവുകേടാണെന്നാരോപിച്ച് ബിജെപി പ്രതിഷേധം കനപ്പിക്കുകയാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണെന്ന് ബിജെപി എംപി നാരായണ്‍ റാണെ ആവശ്യപ്പെട്ടു. നേരത്തെ ഭരണത്തില്‍ ഗവര്‍ണര്‍ അമിതമായി ഇടപെടുന്നതില്‍ പവാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ താക്കറെ സര്‍ക്കാര്‍ പരാജയമാണെന്ന് പരാതിപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നവിസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ ഓടിക്കുന്നതിലും ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നതിലും കേന്ദ്ര സര്‍ക്കാറുമായി മഹാരാഷ്ട്ര സര്‍ക്കാറിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

click me!