
മുംബൈ: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശിവസേന തയ്യാറായാല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ബദല്‍ സാധ്യമാകുമെന്ന് എന്‍സിപി. കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ അംഗമായ അരവിന്ദ് സാവന്ത് രാജിവയ്ക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.
സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും തമ്മില്‍ മഹാരാഷ്ട്രയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എന്‍സിപി ശിവസേനയക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 21ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ശിവസേനയ്ക്കും മന്ത്രിസഭ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമില്ലാതായതോടെയാണ് തര്‍ക്കം രൂക്ഷമായത്.
ശിവസേനയ്ക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ ബിജെപി ആ സ്ഥാനം നല്‍കിയില്ലെങ്കില്‍ ഒരു ബദല്‍ സാധ്യമാകും. പക്ഷേ ബിജെപിയുമായും എന്‍ഡിഎയുമായും ഇനിയൊരു സഖ്യമുണ്ടാകില്ലെന്ന് സേന തീരുമാനിക്കണം. അതിന്‌ശേഷം മാത്രമേ ബദലിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ’. '' - എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേനയും ബിജെപിയും ഒരുപോലെ ആവശ്യം ഉന്നയിക്കുന്നതാണ് സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണം അനിശ്വതത്തിലാക്കിയിരിക്കുന്നത്. ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ സംസ്ഥാനത്തെ നയിക്കണമെന്നതാണ് സേനയുടെ ആവശ്യം. ഇതിനായി 50 - 50 എന്ന സാധ്യതയാണ് സേന മുന്നോട്ടുവയ്ക്കുന്നത്. രണ്ടര വര്‍ഷം ബിജെപിയും രണ്ടര വര്‍ഷം സേനയും മുഖ്യമന്ത്രിപദം അലങ്കരിക്കട്ടേയെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല.
അതേസമയം മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകുമെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍സിപിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ശരദ് പവാര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാരുണ്ടാകണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ശരദ് പവാര്‍ ദില്ലിയിലെ വലിയ നേതാവാണെന്നും അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും റാവത്ത് പറഞ്ഞു. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam