
ലഖ്നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശിലെ ഗ്രാമീണ വികസന മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. തട്ടിപ്പുകാരന്റെ ഭാര്യയാണ് പ്രിയങ്ക ഗാന്ധിയെന്ന് ശുക്ല ആരോപിച്ചു. അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രിയങ്കയെ വ്യക്തിപരമായി അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രിയങ്ക ഒരു തട്ടിപ്പുകാരന്റെ ഭാര്യയാണ്. അതുകൊണ്ട് അവരുടെ മനസ്സില്‍ നിന്ന് വരുന്നത് തട്ടിപ്പും വഞ്ചനയും നിറഞ്ഞ വാക്കുകളാണെന്നും മന്ത്രി ആരോപിച്ചു. ഉത്തർപ്രദേശിലെ ബാലിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനന്ദ് സ്വരൂപ് ശുക്ല.
ഞങ്ങൾ പ്രിയങ്കയെ ഗൗരവമായി എടുത്തിട്ടില്ല. പാവപ്പെട്ട കർഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് അവരുടെ ഭർത്താവ്. അതുകൊണ്ട് ധാർമികമായി അത്തരം കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്കയ്ക്ക് യാതൊരു അവകാശവുമില്ലെന്നും ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
കോണ്‍ഗ്രസ് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. അവര്‍ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്നതിനെ എതിര്‍ത്തവരാണ്. പാകിസ്താന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്ററുകളാണ് സ്വന്തം നാട്ടില്‍ പതിച്ചതെന്നും ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും ശുക്ല ആരോപണമുന്നയിച്ചു. അഖിലേഷ് യാദവ് രാഷ്ട്രീയത്തില്‍ അപ്രസക്തനായെന്നും അദ്ദേഹത്തിന്റെ ഒരു പ്രാധാന്യവും സംസ്ഥാനത്തില്ലെന്നും ശുക്ല കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam