
മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്തി സി പി എം. നൂറോളം പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞെന്ന് സി പി എം മഹാരാഷ്ട്രാ സംസ്ഥാന കമ്മറ്റി അവകാശപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇത്തവണ നേരിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. നാസിക്, പാൽഖർ, താനെ, അഹമ്മദ് നഗർ എന്നീ ജില്ലകളിൽ നിന്നായി 91 പഞ്ചായത്ത് പ്രസിഡന്‍റുമാരെ വിജയിപ്പിക്കാൻ കഴിഞ്ഞെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റി അവകാശപ്പെട്ടത്. പുതുതായി അധികാരമേറ്റ ഷിൻഡെ - ബി ജെ പി സർക്കാരാണ് വാർഡ് മെമ്പർമാരിൽ നിന്ന് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നേരിട്ടുള്ള മത്സരമാക്കിയത്. പാർട്ടി ചിഹ്നത്തിലല്ല തെരഞ്ഞെടുപ്പ് എന്നതിനാൽ കൃത്യമായ വിവരങ്ങൾ പാർട്ടികൾ ശേഖരിച്ച് വരികയാണ്. സംസ്ഥാനത്താകെയുള്ള ഇരുപത്തി അയ്യായിരത്തിലേറെ പഞ്ചായത്തുകളിൽ 1165 പഞ്ചായത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഒടുവിലെ കണക്ക് പ്രകാരം 1165 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 971 പഞ്ചായത്തുകളുടെ ഫലമാണ് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം മഹാ വികാസ് അഘാഡി സഖ്യത്തിന് നേട്ടമെന്നാണ് വ്യക്തമാകുന്നത്. മുന്നണി കണക്കിൽ നോക്കിയാൽ ബി ജെ പി - ഷിൻഡെ സഖ്യത്തെക്കാൾ നൂറിലേറെ സീറ്റുകൾ മഹാ വികാസ് അഘാഡി സ്വന്തമാക്കിയെന്നാണ് കണക്കുകൾ പറയുന്നത്. മഹാ വികാസ് അഘാഡി സഖ്യം 464 സീറ്റുകളിൽ വിജയം നേടിയപ്പോൾ എൻ ഡി എ സഖ്യത്തിന് 357 ഇടത്താണ് വിജയിക്കാനായതെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ ഏറ്റവു കൂടുതൽ സീറ്റ് നേടിയത് ബി ജെ പിയാണ്. 244 ഇടത്ത് ബി ജെ പി സ്ഥാനാർഥികൾ വിജയിച്ചെന്നാണ് കണക്കുകൾ പറയുന്നത്. മഹാ വികാസ് അഘാഡി സഖ്യത്തിൽ എൻ സി പിക്കാണ് ഏറ്റവും വലിയ നേട്ടം. എൻ സി പി സ്ഥാനാർഥികൾ 157 ഇടത്ത് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഉദ്ദഴ് താക്കറെയുടെ ശിവസേന 155 സീറ്റിലും കോൺഗ്രസ് 152 സീറ്റിലും വിജയിച്ച് കരുത്തുകാട്ടി. അതേസമയം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന വിഭാഗത്തിന് തിരിച്ചടി നേരിട്ടു. ഷിൻഡേ വിഭാഗത്തിന് 113 ഇടത്ത് മാത്രമേ വിജയം കാണാനായുള്ളു.
അതേസമയം കഴിഞ്ഞദിവസം പുറത്തുവന്ന നാഗ്പൂർ ജില്ലയിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ആർ എസ് എസ് ആസ്ഥാനമടങ്ങുന്ന നാഗ്പൂരിലെ തിരിച്ചടി ബി ജെ പിക്ക് വലിയ ക്ഷീണമായി. ആകെയുള്ള 13 ഗ്രാമപഞ്ചായത്ത് സമിതി അധ്യക്ഷൻമാരുടെ സ്ഥാനങ്ങളിൽ ഒരാളെ പോലും വിജയിപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചില്ല. ഇവിടെ കോൺഗ്രസ് 9 പേരെയും എൻ സി പി മൂന്നു പേരെയും ഷിൻഡെ വിഭാഗം ഒരാളെയും വിജയിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam