
ദില്ലി: ഒഡിഷയിൽ മാവോയിസ്റ്റുകളുടെ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതീർക്കുകയായിരുന്നു. രണ്ട് എഎസ്ഐമാരും ഒരു കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചതായി സുരക്ഷാസേന. ഇതിൽ 32 പേര്‍ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 77 പേര്‍ പാകിസ്താൻ സഹായത്തോടെ പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബ പ്രവർത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവർത്തകരാണ്.
അതേ സമയം, ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ നമാത്രം ഏഴ് ഭീകരരെ വധിച്ചതായി കശ്മീർ പൊലീസ് അറിയിച്ചു. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന ഇടത്ത് പൊലീസും സൈന്യവും സംയുക്ത ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാകിസ്താൻ സ്വദേശിയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.