
ഗഡ്ചിരോലി: മഹാരാഷ്രയിലെ ഗഡ്ചിരോലി ജില്ലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകളുടെ ഭീഷണി പോസ്റ്ററുകൾ വന്നതോടെ വനമേഖലയിലെ ഗ്രാമങ്ങളിലെ പ്രചാരണം സ്ഥാനാർത്ഥികൾ നിർത്തി. പ്രദേശം പൊലീസ് വലയത്തിലാണ്.
പ്രദേശത്തെ ഓരോ ചെറുകവലകളും ഗ്രാമങ്ങളും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. മുംബൈയിൽ നിന്നും 950 കിലോമീറ്റർ ദൂരെ ചത്തീസ്ഗഢ് സംസ്ഥാനത്തോട് ചേർന്നാണ് ഗഡ്ചിരോലി സ്ഥിതി ചെയ്യുന്നത്. കൊടുംവനത്തിൽ ഇടവിട്ട് ആദിവാസി ഗ്രാമങ്ങളാണ്. ചെന്നെത്താൻ പ്രയാസമുള്ള അഹേരി അർമോരി മണ്ഡലങ്ങളിലാണ് മാവോയിസ്റ്റുകളെത്തി പോസ്റ്റർ പതിച്ചത്. വോട്ടുചെയ്യാൻ പോയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. നേരത്തെ ഈ ഗ്രാമങ്ങളിൽ മാവോയിസ്റ്റുകൾ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു.
സ്ഥാനാർത്ഥികൾക്ക് പൊലീസ് സുരക്ഷ കൂട്ടിയെങ്കിലും ഉൾഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസും ബിജെപിയും നിർത്തി. ഉൾകാടുകളിൽ പൊലീസും സിആർപിഎഫും തിരച്ചിൽ നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ഹെലികോപ്റ്ററുകളും സാറ്റലൈറ്റ് ഫോണും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗഡ്ചിരോലി എസ്പി ശൈലേശ് ബൽക്കാവ്ഡെ അറിയിച്ചു. ആറ് നിയമസഭാ മണ്ഡലങ്ങളിലായി പത്ത് ലക്ഷത്തോളം വോട്ടർമാരാണ് ഗഡ്ചിരോലി ജില്ലയിലുള്ളത്. അർമോരിയിലെ ജംബുർകേഡയിൽ കഴിഞ്ഞ മെയിൽ ലാൻഡ് മൈൻ പൊട്ടിത്തെറിച്ച് 15 സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam