Maharashtra political crisis: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടിന് കളമൊരുങ്ങുന്നു? വിമതഎംഎൽഎമാ‍ര്‍ മുംബൈയിലേക്ക്

By Web TeamFirst Published Jun 28, 2022, 10:42 PM IST
Highlights

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ഗുവാഹത്തിയിലുള്ള ശിവസേനയുടെ വിമത എംഎൽഎമാര്‍ മറ്റന്നാൾ രാവിലെ മുംബൈയിൽ തിരിച്ചെത്തും എന്നാണ് വിവരം. 

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി നിര്‍ണായക ഘട്ടത്തിലേക്ക്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും. ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിശ്വാസവോട്ടെടുപ്പിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുമെന്ന അഭ്യൂഹം ശക്തമായത്.

വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ച് കൂട്ടണമെന്നാവശ്യപ്പെട്ട് 8 സ്വതന്ത്ര എം എൽ എ മാർ ഗവർണർക്ക് ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട ബിജെപി സംഘം സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും വിശ്വാസവോട്ടെടുപ്പ് നടത്താനായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവര്‍ണര്‍ നിയമോപദേശം തേടിയതെന്നാണ് സൂചന. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ഗുവാഹത്തിയിലുള്ള ശിവസേനയുടെ വിമത എംഎൽഎമാര്‍ മറ്റന്നാൾ രാവിലെ മുംബൈയിൽ തിരിച്ചെത്തും എന്നാണ് വിവരം. 

ഇന്ന് രാവിലെ ദില്ലിയിൽ നിര്‍ണായക കൂടിക്കാഴ്ചകൾ നടത്തിയ ശേഷമാണ് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് മുംബൈയിലെത്തി ഗവര്‍ണരെ കണ്ടത്. രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.  ബിജെപി ജനറൽ സെക്രട്ടറി അരുണ് സിംഗും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദില്ലിയിൽ നിന്നും വൈകുന്നേരത്തോടെ മുംബൈയിൽ എത്തിയ ശേഷമാണ് ദേവേന്ദ്ര ഫഡ്നാവിസ് രാജ്ഭവനിലേക്ക് പോയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ളവര്‍ ഫഡ്നാവിസിനൊപ്പമുണ്ടായിരുന്നു. 

ഉദ്ധവ് താക്കറെ സർക്കാറിനെ സമ്മർദത്തിലാക്കിയുള്ള ചില ഇടപെടൽ ഗവര്‍ണര്‍ തുടങ്ങിയതിന് പിന്നാലെയാണ് ഫഡ്നാവിസ് അദ്ദേഹത്തെ കാണുന്നത്. സർക്കാർ താഴെ വീഴുമെന്ന ഭീഷണിക്കിടെ തിരക്കിട്ട് ഉത്തരവുകൾ നടപ്പാക്കിയെന്ന ബിജെപിയുടെ പരാതിയിൽ ഗവർണർ സർക്കാറിനോട് വിശദീകരണം തേടിയിരുന്നു.  വിമത നീക്കം തുടങ്ങിയതോടെ 160ലേറെ സർക്കാർ ഉത്തരവുകൾ നടപ്പാക്കിയെന്നും അതിൽ അഴിമതി ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. 

അതേസമയം സഭയിൽ അവിശ്വാസം കൊണ്ടുവന്നാൽ അതിനെ മറികടക്കാനാകുമെന്ന പ്രതിക്ഷയിലാണ് ഉദ്ധവ് പക്ഷം ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎഎൽഎമാരുമായി  ഇപ്പോഴും ചർച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അവിശ്വാസമല്ല ഉദ്ദവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്പും ഇന്ന് ആവശ്യപ്പെട്ടു. 

 പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിലേക്ക് വിമത നേതാവ് ഏക്‍നാഥ് ശിൻഡേ ഉടൻ എത്തിയേക്കും. ഗവർണറെ കണ്ട് സഭ വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. പ്രോ ടേം സ്പീക്കറെ നിയമിച്ച് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനാണ് സാധ്യത. അങ്ങനെയുണ്ടായാൽ ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിക്കും. 

വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ അന്തിമ തീരുമാനം വരും വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് വാദിക്കും.  ബിജെപി കോർ കമ്മറ്റി യോഗം നാളെ മുംബൈയിൽ നടക്കുന്നുണ്ട്. എംഎൽഎമാരോടെല്ലാം മുംബൈയിലേക്കെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്.അതേസമയം ഉദ്ദവ് താക്കറെ നാളെ മന്ത്രിസഭാ യോഗം വിളിച്ച് ചേ‍ർക്കും. ഇന്നും മന്ത്രിസഭായോഗം ചേർന്നിരുന്നു. 

click me!