
മുംബൈ: വിശ്വാസ വോട്ടെടുപ്പിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നതിനിടെ നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകൾ മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രണ്ട് ജില്ലകളുടേയും രണ്ട് വിമാനത്തവാളങ്ങളുടേയും പേരുകൾ മാറ്റാനുള്ള നിര്‍ദേശം അംഗീകരിച്ചത്. (Maharashtra Cabinet Renames Aurangabad, Usmanabad)
ഔറംഗബാദ് നഗരത്തിൻ്റെ പേര് സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മന്ത്രിസഭായോഗം പുനർനാമകരണം ചെയ്തു. മഹാഅഖാഡി സഖ്യത്തിൽ ചേര്‍ന്നതോടെ ശിവസേനയുടെ തീവ്രഹിന്ദുത്വം നഷ്ടപ്പെട്ടെന്ന് വിമതര്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് നിര്‍ണായക മന്ത്രിസഭായോഗത്തിൽ സ്ഥലപ്പേരുകൾ മുഖ്യഅജൻഡയാക്കി താക്കറെ കൊണ്ടുവന്നത്.
മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. 17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഈ പ്രദേശത്തിന്റെ ഗവർണറായിരിക്കെയാണ് ഔറംഗബാദിന് ആ പേര് ലഭിച്ചത്. ഔറംഗസേബ് വധിക്കാൻ ഉത്തരവിട്ട സാംഭാജിയുടെ പേരു മാറ്റണമെന്നത് ഏറെക്കാലമായുള്ള ശിവസേനയുടെ ആവശ്യമായിരുന്നു.
ഹൈദരാബാദിലെ അവസാന ഭരണാധികാരി മിർ ഉസ്മാൻ അലി ഖാന്റെ പേരിലുള്ള ഒസ്മാനാബാദ്, നഗരത്തിനടുത്തുള്ള ആറാം നൂറ്റാണ്ടിലെ ഗുഹകളിൽ നിന്നാണ് ധാരാശിവ് എന്ന പുതിയ പേര് ജില്ലയ്ക്ക് വേണ്ടി സ്വീകരിച്ചത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡിബി പാട്ടീലിൻ്റെ പേരിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന് ബാലസാഹേബ് താക്കറെയുടെ പേരിടണമെന്ന അഭിപ്രായം ശിവസേനയിൽ ഉണ്ടായിരുന്നുവെങ്കിലും നവിമുംബൈ നഗരത്തിൻ്റെ നിര്‍മ്മാണത്തിൽ നിര്‍ണായക പങ്കുവഹിച്ച ഡിബി പാട്ടീലിൻ്റെ പേരിടാനാണ് മന്ത്രിസഭായോഗത്തിൻ്റെ തീരുമാനം.
പൂണെ നഗരത്തിന് ഛത്രപതി ശിവജിയുടെ മാതാവിൻ്റെ സ്മരണാര്‍ത്ഥം ജിജാവു നഗർ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും നവിമുംബൈ വിമാനത്താവളത്തിന് മുൻമുഖ്യമന്ത്രി ആന്തുലെയുടെ പേരിടണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തെങ്കിലും മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചര്‍ച്ചയായില്ല. സ്ഥലപ്പേര് മാറ്റുന്നതിലൂടെ തീവ്രഹിന്ദു നിലപാടുകളിലും മണ്ണിൻ്റെ മക്കൾ വാദത്തിലും താൻ ഉറച്ചു നിൽക്കുന്നുവെന്ന സന്ദേശം നൽകാനാണ് ഉദ്ധവ് ശ്രമിച്ചതെന്നാണ് വിലയിരുത്തൽ
അതേസമയം വിശ്വാസവോട്ടെടുപ്പിൽ സുപ്രീംകോടതിയിൽ വാദം ആരംഭിച്ചതിന് ശേഷം ചേര്‍ന്ന മന്ത്രിസഭായോഗം എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഉദ്ധവ് താക്കറെ അവസാനിപ്പിച്ചത്. നിര്‍ണായക ഘട്ടത്തിൽ തനിക്കൊപ്പം നിന്ന എൻസിപിക്കും കോണ്‍ഗ്രസിനും ഉദ്ധവ് നന്ദി പറഞ്ഞു. പക്ഷേ സ്വന്തം പാര്‍ട്ടിയിൽ നിന്നും തനിക്ക് കുത്തേറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ രണ്ടര വര്‍ഷം മൂന്ന് പാർട്ടികളും ചേര്‍ന്ന് നല്ല രീതിയിൽ പ്രവർത്തിച്ചുവെന്ന് കൂടി പറഞ്ഞാണ് ഉദ്ധവ് താക്കറെ യോഗം അവസാനിപ്പിച്ചത്.
അസാധാരണ ധൈര്യവും നേതൃത്വഗുണവും കാണിച്ച നേതാവായിരുന്ന ഉദ്ധവ് താക്കറെയെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജയന്ത് പാട്ടീൽ പറഞ്ഞു.
ഭരണപരിചയം ഇല്ലാതെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയത്. എന്നാൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര കൊവിഡിനെ നേരിട്ടു. ഇതിനിടയിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായി. നട്ടെല്ലിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനകം അദ്ദേഹം തിരികെ ജോലിതിരക്കുകളിൽ മുഴുകി. ഇത്രയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വേറൊരു നേതാവിൻ്റെ പേര് പറയാൻ സാധിക്കുമോ? ഈ മനുഷ്യൻ അത് കാണിച്ചു. പ്രധാനമന്ത്രി പോലും അദ്ദേഹത്തിൻ്റെ കര്‍ത്തവ്യബോധ്യത്തെ അഭിനന്ദിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഇതരസംസ്ഥാനത്തുള്ളവര്‍ പോലും ഇവിടെ പട്ടിണി കിടന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കിരുന്നു - കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സുനിൽ കേദാര്‍ പറഞ്ഞു.