'അവർ എന്റെ പിന്നാലെയുണ്ട്'; കൊല്ലപ്പെടുന്നതിന് മുമ്പ് കനയ്യ ലാൽ പൊലീസിൽ പരാതി നൽകി

By Web TeamFirst Published Jun 29, 2022, 5:53 PM IST
Highlights

പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചതിന് ശേഷവും കനയ്യ ലാൽ ഭീതിയിലായിരുന്നെന്ന് ഭാര്യ യശോദ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഭർത്താവ് കടയിൽ പോയില്ല. ഇന്നലെയാണ് കട വീണ്ടും തുറന്നതെന്നും അവർ പറഞ്ഞു.

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് കനയ്യലാൽ ഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നെന്ന് റിപ്പോർട്ട്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  രാജ്യത്ത് പ്രതിഷേധത്തിനിട‌യാക്കിയ ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന്റെ പേരിൽ ജൂൺ 11 ന് കനയ്യ ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. എന്നാൽ ജൂൺ 15 ന് വധഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകി.

മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്ന മകൻ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായ സോഷ്യൽമീഡിയ പോസ്റ്റെന്ന് കനയ്യലാൽ പരാതിയിൽ പറയുന്നു. ആറ് ദിവസം മുമ്പ്, എന്റെ മകൻ, മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടയിൽ അറിയാതെ ആക്ഷേപകരമായ പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തിന്  രണ്ട് ദിവസം കഴിഞ്ഞ് രണ്ട് പേർ വന്ന് എന്റെ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചു. മൂന്ന് ദിവസമായി രണ്ട് പേർ തന്റെ കടയ്ക്ക് സമീപം പതിയിരുന്ന് വീക്ഷിക്കുകയാണ്. കട തുറക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും കനയ്യ ലാൽ പരാതിയിൽ പറഞ്ഞു.

തനിക്കെതിരെ ഭീഷണിയുയർത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും എന്റെ കട തുറക്കാൻ സഹായിക്കണമെന്നും സംരക്ഷിക്കണമെന്നും കനയ്യ ലാൽ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. തുടർന്ന് തയ്യൽക്കാരനെയും അയൽക്കാരെയും ഇരു സമുദായ നേതാക്കളെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചു. ബന്ധപ്പെട്ട ആളുകളെയും സമുദായ നേതാക്കളെയും  സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ചതായി മുതിർന്ന പോലീസ് ഓഫീസർ ഹവ സിംഗ് ഗുമരിയ പറഞ്ഞു. തുടർന്ന് ഇനി പൊലീസ് നടപടി ആവശ്യമില്ലെന്നും കനയ്യ ലാൽ രേഖാമൂലം അറിയിച്ചു.

എന്നാൽ പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചതിന് ശേഷവും കനയ്യ ലാൽ ഭീതിയിലായിരുന്നെന്ന് ഭാര്യ യശോദ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഭർത്താവ് കടയിൽ പോയില്ല. ഇന്നലെയാണ് കട വീണ്ടും തുറന്നതെന്നും അവർ പറഞ്ഞു.  എന്നാൽ കനയ്യ ലാലിനെ നേരത്തെ ഭീഷണിപ്പെടുത്തിയവരല്ല ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.  കഴിഞ്ഞ ദിവസമാണ് തയ്ക്കാൻ നൽകാനെന്ന വ്യാജേന എത്തിയ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവർ കനയ്യ ലാലിനെ അദ്ദേഹത്തിന്റെ കടയിൽ വച്ച് കൊലപ്പെടുത്തിയത്. കുറ്റകൃത്യം ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

click me!