മുംബൈ മുന്‍ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍; അനില്‍ ദേശ്മുഖ് രാജി വച്ചേക്കും

By Web TeamFirst Published Mar 21, 2021, 11:09 AM IST
Highlights

എന്‍സിപി നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണും. പവാറിന്റെ ദില്ലിയിലെ വസതിയിലാണ് കൂടിക്കാഴ്ച്ച.
 

മുംബൈ:  മുംബൈ മുന്‍ പൊലീസ് മേധാവ് പരംബീര്‍ സിങ് മുഖ്യമന്ത്രിക്കയച്ച കത്തിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചേക്കും. എന്‍സിപി നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണും. പവാറിന്റെ ദില്ലിയിലെ വസതിയിലാണ് കൂടിക്കാഴ്ച്ച. അനില്‍ ദേശ്മുഖ് രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച്ച. ദേശ്മുഖ് രാജിവെക്കണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടിരുന്നു. 

അംബാനി കേസിനെ തുടര്‍ന്ന് പുറത്താക്കിയ മുംബൈ പൊലീസ് തലവന്‍ പരംബീര്‍ സിങ്ങാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ വന്‍ അഴിമതിയാരോപണം ഉന്നയിച്ചത്. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീര്‍ സിങ് ആരോപിച്ചു. പൊലീസ് നടപടികളില്‍ മന്ത്രി അന്യായമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചു. 

റസ്റ്ററന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവയില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്‍കാന്‍ മന്ത്രി സച്ചിന്‍ വസെയോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടെന്നും നിരവധി സന്ദര്‍ഭങ്ങളില്‍ കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങള്‍ എന്‍സിപി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

click me!