
മുംബൈ: മധ്യപ്രദേശിന് പിന്നാലെ കോണ്‍ഗ്രസിന് തലവേദനയായി മഹാരാഷ്ട്രയും. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാറാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. നവംബറില്‍ അധികാരത്തിലേറിയ ശേഷം ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിടാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനമാണ് എന്‍സിപി നേതാവ് ശരദ് യാദവിനെ ചൊടിപ്പിച്ചത്.
തൊട്ടുപിന്നാലെ, വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനമാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയത്. എന്‍സിപിയും കോണ്‍ഗ്രസുമാണ് മുസ്ലീം സംവരണത്തിന് മുന്നിട്ടിറങ്ങിയത്. അതേസമയം, ഈ തീരുമാനത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശിവസേനയും അനുകൂലമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കുമെന്നും നിയമം ഉടന്‍ പാസാക്കുമെന്നും എന്‍സിപി നേതാവും ന്യൂനപക്ഷ മന്ത്രിയുമായ നവാബ് മാലിക്ക് പ്രഖ്യാപിച്ചത് ശിവസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. മുസ്ലീം സംവരണത്തിനായി സര്‍ക്കാറിന് മുന്നില്‍ യാതൊരു നിര്‍ദേശവും വന്നിട്ടില്ലെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ മുസ്ലീം സംവരണം നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ എത്തിയിട്ടില്ല. എത്തിയാല്‍ എല്ലാ വശങ്ങളും പരിശോധിക്കും. സംവരണം നല്‍കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മുന്നണിയിലെ പടലപ്പിണക്കം മുതലെടുക്കാന്‍ ബിജെപിയും രംഗത്തെത്തി. മുസ്ലീം സംവരണം വേണ്ടെന്ന് ധൈര്യമായി പറയണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സഖ്യം തെറ്റിപ്പിരിഞ്ഞാല്‍ ശിവസേനക്ക് പിന്തുണ നല്‍കാമെന്ന വാഗ്ദാനം ബിജെപി മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. മുസ്ലീങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam