Maharashtra Crisis : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു;വിമതർക്കെതിരെ ഇന്ന് നിയമ നടപടികൾ ഉണ്ടായേക്കും

Published : Jun 25, 2022, 06:16 AM ISTUpdated : Jun 25, 2022, 07:32 AM IST
Maharashtra Crisis : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു;വിമതർക്കെതിരെ ഇന്ന് നിയമ നടപടികൾ ഉണ്ടായേക്കും

Synopsis

16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഓദ്യോഗിക വിഭാഗത്തിന്‍റെ ശുപാർശയിൽ ഡെപ്യൂട്ടി സ്പീക്കർ ഇന്ന് നോട്ടീയക്കും. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും കൂറ് മാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാവുക.

മുംബൈ: രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന മഹാരാഷ്ട്രയിൽ ഇടഞ്ഞ് നിൽക്കുന്ന വിമതർക്കെതിരായ നിയമപരമായ നടപടികൾ ഇന്നുണ്ടായേക്കും. 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഓദ്യോഗിക വിഭാഗത്തിന്‍റെ ശുപാർശയിൽ ഡെപ്യൂട്ടി സ്പീക്കർ ഇന്ന് നോട്ടീസയക്കും. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും കൂറ് മാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാവുക.

അതേസമയം ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വിമത എംഎൽഎമാർ പ്രമേയം പാസാക്കി. 46 പേരാണ് പ്രമേയത്തിൽ ഒപ്പ് വച്ചത്. ഭരണ പ്രതിസന്ധിക്കിടെ ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ചേരും. ഒരു മണിക്ക് മുംബൈയിൽ നടക്കുന്ന യോഗത്തിൽ ഉദ്ധവ് താക്കറെ ഓൺലൈനായി പങ്കെടുക്കും. സേനാ പ്രവർത്തകർ അക്രമം അഴിച്ച് വിട്ടേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് പൊലീസ് സ്റ്റേഷനുകളിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ കുർളയിൽ വിമത എംഎൽഎയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.  

Also Read: വിമതർക്ക് മുന്നിൽ വഴങ്ങില്ല, മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിൽ ശിവസേന 

അതേസമയം, ശിവസേന വിമതർക്ക് നിയമസഹായം ഉറപ്പാക്കാനാണ് ബിജെപി നീക്കം. അയോഗ്യരാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കാൻ സഹായം നൽകും. ഇത് സംബന്ധിച്ച് മുതിർന്ന അഭിഭാഷകർ ഏക്നാഥ് ഷിൻഡെയുമായി സംസാരിച്ചു എന്നാണ് വിവരം. അതേസമയം,  മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഉദ്ദവ് താക്കറെ വ്യക്തമാക്കി. വിമതർക്ക് മുന്നിൽ വഴങ്ങില്ലെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 

Also Read:  പഞ്ച നക്ഷത്ര ഹോട്ടലിൽ വിമത എംഎൽഎമാർ തങ്ങുന്നത് അര കോടിയിലധികം രൂപ മുടക്കി; പുതിയ ബുക്കിങ് എടുക്കാതെ അധികൃതർ

1978ലാണ് മഹാരാഷ്ട്ര നിയമസഭ അവസാനമായി സമാന രീതിയിൽ വിശ്വാസ വോട്ടെടുപ്പ് കണ്ടത്. അന്ന് കോൺഗ്രസ് പിളർത്തിയ ശരദ്പവാർ ജനതാ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. ഇന്ന് മറ്റൊരു പിളർപ്പിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോഴും എല്ലാ കണ്ണുകളും ശരദ് പവാറിലാണ്. രണ്ടായിരത്തി പത്തൊമ്പതിൽ ദേവേന്ദ്ര ഫട്നാവിസ് അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്താതെ രാജിവച്ചു. 144ലാണ് നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എംഎല്‍എമാരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ദവ് താക്കറെയും ശരദ് പവാറും നോക്കുന്നത്. അയോഗ്യരാക്കിയാൽ ഉടൻ കോടതിയിലെത്താനുള്ള നിയമ നടപടികൾക്ക് ബിജെപി ഒരുങ്ങി കഴിഞ്ഞു.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നീക്കം. വിമതർ മറ്റൊരു പാർട്ടിയിൽ ചേർന്നിട്ടില്ല. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തിട്ടില്ല. മൂന്നിൽ രണ്ട് പേർ ഷിൻഡെയുടെ പക്ഷത്തുണ്ട്. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയാലും ഇത് കോടതിയിൽ നില്‍ക്കില്ല എന്നാണ് നിയമവിദഗ്ധർ ഷിൻഡേയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോടതിയിൽ കേസ് നീളുമ്പോർ എംഎൽഎമാരെ തിരികെ അടർത്താനുള്ള സാവകാശം കിട്ടുമെന്ന് പവാർ കരുതുന്നു. ഒരു ദേശീയ പാർട്ടിയുടെ പിന്തുണ ഉണ്ടെന്ന് ഷിൻഡേ പറഞ്ഞെങ്കിലും തല്ക്കാലം തിരശ്ശീലയ്ക്ക് പിന്നിലെ നീക്കം മതിയെന്നാണ് ബിജെപിയിലെ ധാരണം.

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്