ഗുവാഹത്തി നഗരത്തിൽ നിന്നും 10 കിലോ മീറ്റർ മാത്രം അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ആകെയുള്ളത് 149 മുറികളാണ്. ഇതിൽ 70 മുറികളാണ് വിമത എംഎൽഎമാർക്കായി നേരത്തെ ബുക്ക് ചെയ്തിട്ടുള്ളത്.

മുംബൈ:രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ ഗുവാഹത്തിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ തങ്ങുന്നത് അര കോടിയിലധികം രൂപ മുടക്കിയെന്ന് റിപ്പോര്‍ട്ട്. ഏക്നാഥ്‌ ഷിൻഡേയ്ക്ക് പിന്തുണയുമായി കൂടുതൽ പേർ എത്തുമെന്ന് നേരത്തെ ഉറപ്പിച്ചു 70 റൂമുകളാണ് ഹോട്ടലിൽ ബുക്ക് ചെയ്തിട്ടുള്ളത്. 7 ദിവസത്തേക്കാണ് ബുക്കിങ്. 

ഗുവാഹത്തി നഗരത്തിൽ നിന്നും 10 കിലോ മീറ്റർ മാത്രം അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ആകെയുള്ളത് 149 മുറികളാണ്. ഇതിൽ 70 മുറികളാണ് വിമത എംഎൽഎമാർക്കായി നേരത്തെ ബുക്ക് ചെയ്തിട്ടുള്ളത്. എംഎൽഎമാർ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും ചില എംപിമാരും അടക്കം നൂറിനടുത്തു ആളുകൾ ഇതിനോടകം ഇവിടെ എത്തിക്കഴിഞ്ഞു. പൊലീസിന്‍റെയും കേന്ദ്ര സായുധ സേനയുടെയും സുരക്ഷ കൂടാതെ എല്ലാ സഹായങ്ങളുമായി പ്രാദേശിക ബിജെപി നേതാക്കളും പ്രവർത്തകരും ഹോട്ടലിലുണ്ട്. എല്ലാവർക്കുമായി ഭക്ഷണമടക്കം ഒരു ദിവസത്തെ ചിലവ് 8 ലക്ഷം രൂപയാണ്. 7 ദിവസത്തേക്കാണ് ബുക്കിങ്, ആകെ ചിലവ് 56 ലക്ഷം രൂപ വരും.

Also Read: ഉദ്ദവ് സർക്കാർ 48 മണിക്കൂറിനിടെ പുറത്തിറക്കിയ ഉത്തരവുകൾ പരിശോധിക്കണം, മഹാരാഷ്ട്ര ഗവർണർക്ക് ബിജെപിയുടെ കത്ത്

നേരത്തെ മുറികൾ ബുക്ക് ചെയ്തവരെ പോലും ഇതിനോടകം മറ്റു ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. വിവാദങ്ങൾ ഒന്നുമറിയാതെ മുറികൾക്കായി വരുന്നവരും ഹോട്ടൽ അധികൃതരും തമ്മിൽ വഴക്കിടുന്നത് ഹോട്ടലിന് മുന്നിൽ ഇപ്പോൾ പതിവ് കാഴ്ചയാണ്. വിമതർ മടങ്ങുന്നത് വരെ പുതിയ ബുക്കിങ്ങൊന്നും ഹോട്ടൽ അധികൃതർ എടുക്കുന്നുമില്ല. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ ഇനി എത്ര നാൾ നീണ്ടാലും അസമിൽ വിമതർ സർവ സുഖ സൗകര്യങ്ങളോടെയും സുരക്ഷിതരാണ്. കേന്ദ്ര സംസ്ഥാന സേനകളുടെ സുരക്ഷയും അതുവരെ തുടരും.

Also Read:മഹാരാഷ്ട്ര പ്രതിസന്ധി : 13 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശിവസേന, ഡെപ്യൂട്ടി സ്പീക്കർക്ക് കത്ത് നൽകി