മുംബൈ: നൂൽപ്പാലത്തിലൂടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിപ്പോൾ നടക്കുന്നത്. സൂറത്തിലെ ലെ മെറിഡിയൻ പഞ്ചനക്ഷത്ര ഹോട്ടലിൽ നാല് മന്ത്രിമാരടങ്ങുന്ന 21 എംഎൽഎമാരാണ് ഷിൻഡെയ്ക്ക് ഒപ്പം ബിജെപിയുമായി ചർച്ചകൾ നടത്തുന്നത്.
ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം ജനപ്രതിനിധികൾ മറ്റൊരു പാർട്ടിയുമായി ലയിക്കാൻ തീരുമാനിച്ചാലേ, കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് നടപടി വരാതിരിക്കൂ. അതല്ലെങ്കിൽ അയോഗ്യരാക്കപ്പെടുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് അവർക്ക് പോകേണ്ടി വരും. നിലവിൽ നിയമസഭയിൽ 55 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. ബിജെപിയുമായി ലയിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള 37 എംഎൽഎമാരെങ്കിലും (55-ന്‍റെ മൂന്നിലൊന്ന്) കൂറ് മാറണം. അതല്ലെങ്കിൽ കൂറുമാറ്റനിരോധനനിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അയോഗ്യരാക്കപ്പെടുന്നത് അടക്കമുള്ള നടപടി വരാം.
ഭരണപക്ഷത്തെ അസ്വാരസ്യങ്ങൾ എങ്ങനെയെങ്കിലും മുതലാക്കാൻ ശ്രമിക്കുന്ന ബിജെപി എന്തായാലും മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടും. മഹാവികാസ് അഘാഡിയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് വിലയിരുത്തുന്ന ബിജെപി നേതൃത്വം, ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ നിയമസഭാ കൗൺസിൽ വോട്ടെടുപ്പിലുണ്ടായ ക്രോസ് വോട്ടിംഗ് തന്നെയാണ്.
നിയമസഭയിൽ ആകെ സീറ്റ് 288 ആണ്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. നിലവിൽ മഹാവികാസ് അഘാഡിക്ക് 169 അംഗങ്ങളുണ്ട്. ശിവസേനയ്ക്ക് 56, എൻസിപിക്ക് 53, കോൺഗ്രസിന് 4 എന്നിങ്ങനെയാണ് സീറ്റ് നില. ചെറുപാർട്ടികളും സ്വതന്ത്രരുമായി 16 പേരുടെ കൂടി പിന്തുണയുണ്ട് സർക്കാരിന്. ഇതിൽ ശിവസേനയുടെ ഒരു എംഎൽഎ, രമേശ് ലാത്കെ മരിച്ചു. നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിങ്ങനെ രണ്ട് എൻസിപി മന്ത്രിമാർ ജയിലിലാണ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്. അങ്ങനെ കക്ഷിനില നിലവിൽ 166 ആണ് ഭരണമുന്നണിക്ക്.
എൻഡിഎയ്ക്ക് 113 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപിക്ക് 106 എംഎൽഎമാർ. ചെറുപാർട്ടികളുടെ സ്വതന്ത്രരുമായി ഏഴ് പേരുടെ പിന്തുണ കൂടിയുണ്ട് എൻഡിഎയ്ക്ക്. നിലവിൽ 22 പേരാണ് വിമതനീക്കത്തിനൊപ്പമുളളത്. ഈ എംഎൽഎമാരുടെ എണ്ണം കുറഞ്ഞാൽ കേവലഭൂരിപക്ഷം നഷ്ടമാകും സർക്കാരിന്. ഇത് സർക്കാർ താഴെ വീഴുന്നതിലേക്ക് നീളുന്ന പ്രതിസന്ധിയാകാം.
Read More: മഹാവികാസ് അഘാഡി സർക്കാർ താഴേക്ക്? പവാർ മുംബൈയ്ക്ക്, ഫട്നാവിസ് ദില്ലിക്ക്, നിർണായകം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam