
മുംബൈ: മഹാരാഷ്ട്രയില്‍ വിമത എംഎൽഎമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയിൽ. വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയിൽ പ്രവേശിക്കാൻ വിമത എംഎൽഎമാരെ അനുവദിക്കരുതെന്നും ശിവസേന ഹർജിയിൽ ആവശ്യപ്പെടുന്നു. ഏക്നാഥ് ഷിൻഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപിൽ സിബൽ വാദിച്ചു. എന്നാല്‍, അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേൾക്കാമെന്ന് അറിയിച്ചു.
ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ ഇന്നലെ രാത്രി മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ശിൻഡെയ്ക്കൊപ്പം സത്യപ്രതിഞ്ജ ചെയ്തു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാൻ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആരെന്ന് ദേവേന്ദ്ര ഫഡ്നാവിസ് അപ്രതീക്ഷിതമായി വെളിപ്പെടുത്തിയത്. വിമതരെ ഒപ്പം കൂട്ടി ബിജെപി ഒരു സർക്കാരുണ്ടാക്കുമ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് അല്ലാതെ മറ്റൊരു പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ രാജ്ഭവനിൽ ഷിൻഡെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഫഡ്നാവിസ് ആ ട്വിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു.
മന്ത്രിസഭയിൽ താനുണ്ടാകില്ലെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ നിലപാട്. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ ഉപമുഖ്യമന്ത്രി പദം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. ഏഴരയോടെ ഇരുവരും സത്യപ്രതിഞ്ജ ചെയ്തു. പിന്നാലെ ആദ്യ മന്ത്രിസഭാ യോഗവും ചേർന്നു. ഏക്നാഥ് ഷിൻഡേ നാളെ സഭയിൽ പുതിയ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കണം. ബിജെപിയുടെ 106 പേർക്ക് പുറതെ വിമതരടക്കം 50 പേർ ഷിൻഡെയ്ക്കൊപ്പവുമുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും വിമത എംഎൽഎമാര്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചത്.
Also Read: ബ്രൂവറിയിൽ ജോലി ചെയ്ത, ഓട്ടോ ഓടിച്ചിരുന്ന താനെവാല ഇനി 'മഹാ മുഖ്യമന്ത്രി' ? ആരാണ് ഏകനാഥ് ഷിൻഡെ?
ആരാണ് ഏകനാഥ് ഷിൻഡെ?
രാഷ്ട്രീയ മണ്ഡലമായ താനെയിലേക്ക് എത്തുന്നതിന് മുന്‍പ് ജീവിതപരിസരങ്ങളി ല്‍ഓട്ടോ ഡ്രൈവറായിരുന്നു ഷിന്‍ഡേ. സാധാരണ കുടുംബം. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണ്‍മാ സത്തിലാണ് ഏക്നാഥ് ഷിന്‍ഡേയുടെ രണ്ട് മക്കള്‍ ബോട്ടപകടത്തില്‍ മരിക്കുന്നത്. മാനസികമായി തകര്‍ന്ന അദ്ദേഹം പതിയെയാണ് കരളുറപ്പുള്ള രാഷ്ട്രീയക്കാരനായി മറിയത്. 33 മത്തെ വയസില്‍ മുനിസിപ്പല്‍ കോര്‍പറേഷനംഗമായി പാര്‍ലെന്‍ററി രാഷ്ട്രീയത്തിന്‍റെ ഭാഗമായി. കാല്‍നൂറ്റണാണ്ട് തികയ്ക്കുമ്പോഴാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കപ്പെടുന്നത്. ബാല്‍ താക്കറയ്ക്ക് ശേഷം ഉദ്ദവിന് പോലും സാധിക്കാതെ പോയ ശിവ സൈനിക നേതൃത്വമാണ് ഏക്നാഥ് ഷിന്‍ഡേയുടെ രാഷ്ട്രീയ മൂലധനം. പ്രതിസന്ധികളില്‍നിന്ന് തിരിച്ചുകയറാനും അവസരങ്ങളെ ഉപയോഗപ്പെടുത്താനുമുള്ള രാഷ്ട്രീയ ബുദ്ധിയാണ് ഷിന്‍ഡേയുടെ കൈമുതല്‍.
2004 മുതല്‍ തുടര്‍ച്ചയായി നാലുവട്ടം മഹാരാഷ്ട്ര നിയമസഭയിലേക്ക് ജയിച്ചെത്തി. 2014 ല്‍ പ്രതിപക്ഷനേതാവ്. തൊട്ടുപിന്നാലെ പൊതുമരാമത്ത് മന്ത്രി. 2019 ല്‍ ആരോഗ്യമന്ത്രി. മഹാവികാസ് അഘാഡി സര്‍ക്കാരില്‍ നഗരവികസന മന്ത്രി. അവിടെ നിന്നാണ് അപ്രതീക്ഷിത നീക്കത്തോടെ മുഖ്യമന്ത്രി കസേരയിലേക്കുള്ള ഓടിക്കയറ്റം. ഷിന്‍ഡേയുടെ മറ്റൊരു മകന്‍ ശ്രീകാന്ത് ഷിന്‍ഡേ പാര്‍ലമെന്റ് അംഗമാണ്. സഹോദരന്‍ പ്രകാശ് ഷിന്‍ഡേ കൗണ്‍സിലറും. ഞങ്ങള്‍ബാല്‍താക്കറയുടെ അടിയുറച്ച ശിവസൈനികരാണ്. അധികാരത്തിനായി ഒരിക്കലും ചതിക്കില്ല. ഒരു പറ്റം എംഎല്‍എമാരുമായി അപ്രത്യക്ഷമായതിന് ശേഷം ഷിന്‍ഡെയുടെ ആദ്യപ്രതികരണമായിരുന്നു ഇത്. അധികാരത്തിനായി ചതിക്കില്ലെന്ന് പ്രഖ്യാപിച്ച ഷിന്‍ഡേയാണ് ഉദ്ദവിനെ നിഷ്പ്രഭനാക്കി ഇന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam