'അയോധ്യ രാമക്ഷേത്ര പ്രധാനമന്ദിരം 2023 ഡിസംബറിൽ പൂര്‍ത്തിയാകും, പൂജയും തുടങ്ങും'

By Web TeamFirst Published Apr 30, 2022, 1:45 PM IST
Highlights

താല്‍ക്കാലിക സ്ഥലത്ത് നിന്ന് രാംലല്ല വിഗ്രഹം പ്രധാന മന്ദിരത്തിലേക്ക് മാറ്റി പൂജ തുടങ്ങാനും ദർശനം അനുവദിക്കാനും അടുത്ത ഡിസംബറില്‍ കഴിയുമെന്നും ക്ഷേത്രനിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട്..

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരം 2023 ഡിസംബറിൽ പൂർത്തിയാകുമെന്ന് ക്ഷേത്രനിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട്. താല്‍ക്കാലിക സ്ഥലത്ത് നിന്ന് രാംലല്ല വിഗ്രഹം പ്രധാന മന്ദിരത്തിലേക്ക് മാറ്റി പൂജ തുടങ്ങാനും ദർശനം അനുവദിക്കാനും അടുത്ത ഡിസംബറില്‍ കഴിയും. ക്ഷേത്രനിർമ്മാണം 2024 അവസാനത്തോടെ പൂർത്തിയാകുമെന്നും നൃപേന്ദ്ര മിശ്ര അയോധ്യയിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ അറിയിച്ചു.

അയോധ്യ തർക്കത്തിലെ സുപ്രീംകോടതി വിധിക്ക് ശേഷം രാമക്ഷേത്ര നിർമ്മാണത്തിനുള്ള ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റില്‍ പ്രഖ്യാപിച്ചത് 2020 ഫെബ്രുവരി അഞ്ചിനാണ്. ക്ഷേത്ര നിർമ്മാണത്തിൽ സ്വതന്ത്ര തീരുമാനങ്ങൾക്ക് അവകാശമുള്ള ട്രസ്റ്റാണ് രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര അദ്ധ്യക്ഷനായ ക്ഷേത്ര നിർമ്മാണ സമിതിയും രൂപീകരിച്ചു. എല്ലാ മാസവും ഇവിടെ എത്തി നൃപേന്ദ്ര മിശ്ര പുരോഗതി വിലയിരുത്തുന്നു. ക്ഷേത്രനിർമ്മാണം രണ്ടു ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് തീരുമാനമെന്ന് നൃപേന്ദ്ര മിശ്ര, ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി രാജേഷ് കൽറയോട് പറഞ്ഞു. 

"പതാക കാണുന്നത് ശ്രീരാമ ജന്മ സ്ഥാനമാണ്. അവിടെയാണ് പ്രധാനമന്ത്രി പൂജ നടത്തിയത്. ഇപ്പോൾ മൂന്നുവരി ഗ്രാനൈറ്റ് പാകി, എഴു വരികൾ വന്ന ശേഷം ഇവിടെ രാജസ്ഥാനിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ച് അമ്പലത്തിന്‍റെ ബാക്കി ഭാഗം നിർമ്മിക്കും. ഭക്തരെ അറിയിച്ചിരിക്കുന്നത് 2023 ൽ രാംലല്ല വിഗ്രഹം ഇങ്ങോട്ട് മാറ്റാൻ കഴിയും എന്നതാണ്. ഗർഭഗൃഹം അതിനുമുമ്പ് പൂർത്തിയാകും. ഗ്രൗണ്ട് ഫ്ളോർ നിർമ്മാണമാണ് ആദ്യം പൂർത്തിയാകുക". പിന്നീട് അഞ്ച് മണ്ഡപവും ഒന്നാം നിലയും രണ്ടാം നിലയും 2024  ഡിസംബറോടെ പൂർത്തിയാകുമെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു.

കർണ്ണാടകയിൽ നിന്ന് വന്ന ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് രാമക്ഷേത്രത്തിന്‍റെ അടിസ്ഥാനം നിർമ്മിക്കുന്നത്. പിന്നീട് കൊത്തുപണി കഴിഞ്ഞ കല്ലുകൾ രാജസ്ഥാനിൽ നിന്ന് എത്തിക്കും. കഴിഞ്ഞ രണ്ട് വർഷത്തിൽ പതിമൂന്ന് അടി കുഴിച്ച് പഴയ മണ്ണ് മാറ്റി കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള അടിസ്ഥാനം തീർത്ത ശേഷമാണ് ഗ്രാനൈറ്റ് അടുക്കി തുടങ്ങിയത്. അടുത്ത വർഷം ഡിസംബറിൽ ഇന്ത്യയുടെ ആകെ ശ്രദ്ധ വീണ്ടും അയോധ്യയിലേക്ക് തിരിയും എന്ന സൂചനയാണ് നൃപേന്ദ്ര മിശ്രയുടെ വാക്കുകൾ നല്‍കുന്നത്. 

click me!