അഞ്ച് വയസുള്ള മകനും ഏഴ് വയസുള്ള മകൾക്കും വിദ്യാഭ്യാസം നൽകാനും മികച്ച ഭാവിയുണ്ടാകാനും കസ്റ്റഡി അപേക്ഷ അനുവദിക്കണമെന്ന് അച്ഛൻ
സൂറത്ത്: ഏഴ് വയസ് മാത്രം പ്രായമുള്ള സന്യാസ ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്നു. കുടുംബ കോടതിയെ സമീപിച്ച് ഗുജറാത്തിലെ പ്രമുഖ വ്യാപാരി. വ്യാപാരിയും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും ഭാര്യക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഏഴ് വയസ് മാത്രമുള്ള മകൾ ജൈന സന്യാസിനി ആകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതോടെയാണ് അച്ഛൻ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് വീണ്ടും കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ഇതിന് അവർ തനിക്കൊപ്പം വേണമെന്നുമാണ് വ്യാപാരി ആവശ്യപ്പെടുന്നത്. ജൈന വിശ്വാസി കൂടിയായ വ്യാപാരി സമീർ ഷാ ആണ് കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്ക് സാമ്പത്തിക സ്ഥിരതയുണ്ടെന്നും മക്കൾക്ക് മികച്ച ഭാവിയുണ്ടാകാൻ വിദ്യാഭ്യാസം നൽകാൻ ശേഷിയുണ്ടെന്നുമാണ് ചൊവ്വാഴ്ച ഇയാൾ കോടതിയെ അറിയിച്ചത്. പ്രായ പൂർത്തിയാകാത്ത മകൾ സന്യാസം സ്വീകരിക്കുന്നത് തടയണമെന്നും ഇയാൾ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സൂറത്തിൽ ഷെയർ മാർക്കറ്റ് വ്യാപാരിയാണ് ഇയാൾ. അഞ്ച് വയസ് പ്രായമുള്ള മകന്റെയും ഏഴ് വയസുള്ള മകളുടേയും കസ്റ്റഡി തനിക്ക് കൈമാറണമെന്നും സമീർ ഷാ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഴ് വയസുകാരി സമ്മർദ്ദത്തിലായത് സാമ്പത്തിക ക്ലേശം മൂലമാണെന്നും ആരോപണം
അഡാജാൻ സ്വദേശിയായ സമീർ ഷാ 2012ലാണ് വിവാഹിതനായത്. ദമ്പതികൾക്കിടയിൽ തർക്കം പതിവായതോടെ കുട്ടികളെ യുവതി തന്റെ മാതാപിതാക്കളുടെ വീട്ടിലാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികൾ സൂറത്തിലെ നാൻപുരയിൽ താമസം തുടങ്ങിയത്. ജൈന വിഭാഗത്തിലുള്ളവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഏഴ് വയസ് മാത്രം പ്രായമുള്ള മകൾ 2026 ഫെബ്രുവരിയിൽ സന്യാസിനി ദീക്ഷ സ്വീകരിക്കാൻ പോകുന്നുവെന്ന് മനസിലാക്കിയതോടെയാണ് യുവാവ് കോടതിയുടെ സഹായം തേടിയത്. ദീക്ഷ സ്വീകരിക്കുന്നതിന് തന്നോട് അനുവാദം തേടിയിട്ടില്ലെന്നും ഹർജിയിൽ സമീർ ഷാ വിശദമാക്കി. വിവാഹ ശേഷം കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ തുടരാൻ ഭാര്യയ്ക്ക് താൽപര്യമില്ലാതിരുന്നതാണ് കുടുംബ പ്രശ്നത്തിന് കാരണമായതെന്നും സമീർ ഷാ ആരോപിക്കുന്നത്. 2024 ഏപ്രിലിലാണ് യുവതി കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.
മകളുടെ ദീക്ഷ ചടങ്ങ് നടത്തരുതെന്ന് ഭാര്യയുടെ മാതാപിതാക്കളോടും ജൈന വിഭാഗത്തിലുള്ള മുതിർന്നവരോടും ആവശ്യപ്പെട്ടെങ്കിലും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് സമീർ ഷാ കോടതിയെ സമീപിച്ചത്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ഭാര്യയും മക്കളും പൂർണമായി വരുമാനത്തിന് ആശ്രയിക്കുന്നത് സഹോദരനെ ആണെന്നും മകളെ സന്യാസിനി ആക്കാൻ കുടുംബമാണ് താൽപര്യപ്പെടുന്നതെന്നുമാണ് സമീർ ഷാ കുട്ടികളുടെ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടുന്നത്. സാമ്പത്തിക പരാധീനത മൂലമാണ് മകൾക്ക് ഇത്ര ചെറിയ പ്രായത്തിൽ സന്യാസിനിയാകാൻ സമ്മർദ്ദം നേരിടുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്. ഭാര്യയുമായി ഫോണിലും നേരിട്ടും സംസാരിക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് ഹർജിയിൽ വിശദമാക്കുന്നത്.


