മധ്യസ്ഥ ചർച്ച ഫലം കാണുന്നു: ഷഹീൻബാഗിലെ പ്രധാനപാത ഭാഗികമായി തുറന്നു

By Web TeamFirst Published Feb 22, 2020, 10:18 PM IST
Highlights

ഗതാഗത തടസ്സം നീക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി മധ്യസ്ഥ സംഘം മാരത്തോണ്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് സമരക്കാരുടെ അപ്രതീക്ഷിത നീക്കം. സമരവേദിക്കരികിലൂടെയുള്ള പ്രധാന പാതയാണ് തുറന്നു കൊടുത്ത ഒമ്പതാം നമ്പർ കാളിന്ദി കുഞ്ച് - നോയിഡ പാത. 

ദില്ലി: ഷഹീൻ ബാഗിലെ പ്രധാന പാത സമരക്കാർ ഭാഗികമായി തുറന്നു. സമര പന്തൽ നിൽക്കുന്ന നോയിഡ - കാളിന്ദി കുഞ്ജ് റോഡിന്‍റെ ഒരു ഭാഗത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡാണ് സമരക്കാർ എടുത്തു മാറ്റിയത്.

ഗതാഗത തടസ്സം നീക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി മധ്യസ്ഥ സംഘം മാരത്തോണ്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് സമരക്കാരുടെ അപ്രതീക്ഷിത നീക്കം. സമരവേദിക്കരികിലൂടെയുള്ള പ്രധാന പാതയാണ് തുറന്നു കൊടുത്ത ഒമ്പതാം നമ്പർ കാളിന്ദി കുഞ്ച് - നോയിഡ പാത. 

എഴുപത് ദിവസമായി അടഞ്ഞു കിടന്ന വഴിയിലൂടെ ആം ബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കടന്നു പോയി. സുരക്ഷ ഒരുക്കുന്നതില്‍ ഉറപ്പ് ലഭിക്കാതെ പാത തുറക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു കഴിഞ്ഞ മൂന്നു ദിവസം സമരക്കാര്‍ എടുത്ത നിലപാട്.

രാവിലെ സമരപ്പന്തലിലെത്തിയ  മധ്യസ്ഥസംഘത്തിലെ സാധനാ രാമചന്ദ്രന്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് കോടതിയില്‍ സമരക്കാര്‍ക്ക്
തിരിച്ചടിയാവുമെന്ന് ആവര്‍ത്തിച്ചു. കൂടിയാലോചനകള്‍ക്കൊടുവില്‍ വൈകിട്ടോടെ സമരക്കാര്‍ തന്നെ പാതയുടെ ഒരുഭാഗം തുറന്നു. മുഴുവൻ
സമരക്കാരുടെയും സമ്മതത്തോടെയാണോ റോഡ് തുറന്നത് എന്ന കാര്യത്തില്‍ ദില്ലി പൊലീസ് സംശയം പ്രകടിപ്പിച്ചു.

സ്ഥലത്തെ പൊലീസ് കാവല്‍ പിന്‍വലിച്ചതുമില്ല. മധ്യസ്ഥ സംഘം ചർച്ചകൾ തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. സമരക്കാർക്ക് തീരുമാനമെടുക്കാൻ സമയം നൽകാനാണിത്. സമരക്കാരുടെ സുരക്ഷ ഉറപ്പാക്കണം, കേസുകള്‍ പിന്‍വലിക്കണം, പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണം എന്നീ സമരക്കാരുടെ ആവശ്യങ്ങളും മധ്യസ്ഥര്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കും. 
 

click me!