ആർഎസ്എസ് പ്രവർത്തകൻ്റെ വധം: തെളിവെടുപ്പിനിടെ ഏറ്റുമുട്ടൽ, പ്രതി കൊല്ലപ്പെട്ടു; പൊലീസുകാരന് പരിക്കേറ്റെന്നും പഞ്ചാബ് പൊലീസ്

Published : Nov 28, 2025, 01:48 AM IST
RSS Naveen Arora

Synopsis

പഞ്ചാബിലെ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയെ വധിച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാദൽ കൊല്ലപ്പെട്ടു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഒളിച്ചിരുന്നവർ പൊലീസിന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ ബാദലിന് വെടിയേൽക്കുകയുമായിരുന്നു.

ദില്ലി: പഞ്ചാബിലെ ഫിറോസ്‌പുറിൽ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയെ വധിച്ച കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാദൽ കൊല്ലപ്പെട്ടു. ഫസിൽക്ക ജില്ലയിലെ മമനു ജോയ ഗ്രാമത്തിലെ ശ്മശാനത്തിൽ നവീൻ അറോറയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. ശ്മശാനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് പേർ പൊലീസിന് നേരെ വെടിയുതിർത്തു. തിരിച്ചുള്ള പ്രത്യാക്രമണത്തിനിടെയാണ് ബാദലിന് വെടിയേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നവംബർ 15 ന് രാത്രിയാണ് ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകനും വ്യാപാരിയും ആർഎസ്എസ് പ്രവർത്തകനുമായ നവീൻ അറോറയെ വെടിവച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തെ പുറകിൽ നിന്ന് വെടിവെക്കുകയായിരുന്നു. നവീൻ അറോറയുടെ ശരീരത്തിൽ തറച്ച രണ്ട് വെടിയുണ്ടകളിൽ ഒന്ന് തലയിലാണ് ഏറ്റത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവീൻ അറോറ മരിച്ചിരുന്നു.

ഇന്നലെ പുലർച്ചെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ബാദലിനെ തെളിവെടുപ്പിനായി എത്തിച്ചത്. ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് പേരാണ് പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിളായ ബാലർ സിങിന് കൈക്ക് വെടിയേറ്റതോടെയാണ് പൊലീസ് പ്രത്യാക്രമണം നടത്തിയത്. സിറ്റി ഡിഎസ്‌പി, ഡിഎസ്‌പി ഡിറ്റക്റ്റീവ്, സിഐഎ ഇൻസ്പെക്ടർ തുടങ്ങി വലിയ പൊലീസ് സംഘമാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിനായി എത്തിയത്.

അതേസമയം ബാദൽ കൊല്ലപ്പെട്ടത് പൊലീസിൻ്റെ വെടിയേറ്റാണോയെന്നത് വ്യക്തമായിട്ടില്ല. ശ്മശാനത്തിൽ പതിയിരുന്ന് ആക്രമണം നടത്തിയ രണ്ട് പേരും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്ന ഒരു പൊലീസുകാരനും വെടിയേറ്റെങ്കിലും ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസിനെ ആക്രമിച്ച രണ്ട് പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.

അതേസമയം നവീൻ അറോറയുടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ മറ്റൊരു പ്രതിയായ ഗുർസിമ്രൻ സിഹ് എന്ന ജതിൻ കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഇയാളും വെടിയുതിർത്തിരുന്നു. പ്രത്യാക്രമണത്തിൽ പരിക്കേറ്റ ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്