ധ്യാൻ ചന്ദിനെ ആദരിക്കുന്നത് രാജീവ് ഗാന്ധിയെ അപമാനിക്കാതെ വേണം; രാഷ്ട്രീയ കളി വേണ്ടെന്ന് ശിവസേന

By Web TeamFirst Published Aug 9, 2021, 5:28 PM IST
Highlights

പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്നയിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കിയ തീരുമാനത്തിനെതിരെ ശിവസേന രംഗത്ത്.

ദില്ലി: പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്നയിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കിയ തീരുമാനത്തിനെതിരെ ശിവസേന രംഗത്ത്.  രാഷ്ട്രീയ കളിയാണ് സർക്കാറിന്റേത്. രാജീവ് ഗാന്ധിയുടെ പേരിലുള്ള അവാർഡ് പേര് മാറ്റാതെ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിൽ മറ്റൊരു അവാർഡ് പ്രഖ്യാപിക്കാമായിരുന്നു എന്നായിരുന്നു ശിവസേനയുടെ പ്രതികരണം.

ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന നിലപാടറിയിച്ചിരിക്കുന്നത്. ധ്യാൻ ചന്ദിന്റെ പേരിൽ വലിയൊരു അവാർഡ് പ്രഖ്യാപിച്ചിരുന്നെങ്കിൽ സർക്കാറിനെ ഞങ്ങൾ അഭിനന്ദിക്കുമായിരുന്നു. ധ്യാൻ ചന്ദിനെ ആദരിക്കേണ്ടത് രാജവീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ വേണം. വിഷയത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ശിവസേന പറയുന്നു. 

മുൻ പ്രധാന മന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം പരിഹസിക്കപ്പെടാൻ പാടില്ല. ഇന്ദിരാ ഗാന്ധി ഭികരരാൽ കൊല്ലപ്പെട്ടു. അതേ പോലെ ഭീകരരുടെ ആക്രമണത്തിൽ രാജീവ് ഗാന്ധിക്കും ജീവൻ നഷ്ടമായി. ഇത്തരത്തിൽ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ത്യാഗം ചെയ്തവരെ പരിഹാസപാത്രമാക്കുന്നത് ശരിയല്ല. രാഷ്ട്രീയ വ്യത്യാസമുണ്ടെങ്കിലും, രാജ്യത്തിന് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയവരെ അപമാനിക്കരുതെന്നും മുഖപ്രസംഗം പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!