
ബംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ (എം ആർ പി എൽ) വൻ സ്ഫോടനവും തീപിടിത്തവും. ഉച്ചയ്ക്ക് 12.20 ഓടെ കമ്പനിയിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലാണ് അപകടമുണ്ടായത്. രണ്ട് ഷിഫ്റ്റുകളുടെ ഇടവേള സമയമായതിനാൽ അപകടകത്തിന്‍റെ വ്യാപ്തി കുറഞ്ഞു. 11.30 ന് ജീവനക്കാരുടെ ഷിഫ്റ്റ് അവസാനിച്ചതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. പുതിയ ഷിഫ്റ്റ് തുടങ്ങും മുന്നെയായിരുന്നു ഇത്. തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. സ്ഫോടനത്തിന് പിന്നാലെ ശക്തമായ ശബ്ദവും വൻതോതിൽ പുകയും ഉയർന്നത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തി. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ആറ് പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഫയർഫോഴ്സ് എത്തി തീ നിലവിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടക്കുകയാണെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam