തമിഴ്നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷി എംഎൽഎ അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു.
ചെന്നൈ: തമിഴ്നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷിയായ ടിവികെ എംഎൽഎ അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ കടുത്ത നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, വിശദമായ അന്വേഷണം നടത്താൻ തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.
ടിവികെ എംഎൽഎയ്ക്കെതിരെ കളക്ടർ മേലധികാരികൾക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കണം. കൂടാതെ, പരാതിക്ക് ആധാരമായ സന്ദേശങ്ങളുടെ ഡിജിറ്റൽ രേഖകൾ ഹാജരാക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വിജയ് സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ.
വിഷയത്തിൽ കളക്ടറെ മുഖ്യമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തതായി ഡിഐജി പറഞ്ഞെന്ന തരത്തിൽ ഒരു പ്രമുഖ പത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഉയർന്നുവരുന്ന ആരോപണങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. വിവാദങ്ങൾ ശക്തമായതോടെ കലക്ടറേറ്റിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിലേക്ക് കളക്ടർ ഇപ്പോൾ മാധ്യമങ്ങളെ ക്ഷണിക്കാറില്ലെന്നും റിപ്പോർട്ടുകളുണ്ട്.












