രാഷ്ട്രപതിയുടെ എ.ഡി.സിയായി മൂന്ന് വർഷത്തെ സേവനം; രാജ്യത്തിൻ്റെ മനംകവർന്ന മേജർ ഋഷഭ് സിങ് സർവീസിൽ നിന്ന് നേരത്തെ വിരമിച്ചു

Published : Sep 23, 2026, 12:11 AM IST
major rishabh singh sambyal

Synopsis

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എ.ഡി.സിയായിരുന്ന മേജർ ഋഷഭ് സിങ് സാംബ്യാൽ 12 വർഷത്തെ സേവനത്തിന് ശേഷം സൈന്യത്തിൽ നിന്ന് വിരമിച്ചു. എ.ഡി.സി പദവിയിലിരിക്കുമ്പോൾ വിവാഹം കഴിക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ടെന്നും 24 മണിക്കൂറും ജോലിയിൽ ലഭ്യമാകണമെന്നും അദ്ദേഹം വെളിപ്പെടുത്തി. കുടുംബത്തെ സംരക്ഷിക്കാനാണ് അദ്ദേഹം നേരത്തെ വിരമിക്കാൻ തീരുമാനിച്ചത്.

ദില്ലി: ഇന്ത്യൻ സൈന്യത്തിൽ 12 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മാസം മേജർ ഋഷഭ് സിങ് സാംബ്യാൽ വിരമിച്ചു. രാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയിൽ രാജ്യത്തിൻ്റെയാകെ മനംകവർന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. താനുൾപ്പടെയുള്ള ഉദ്യോഗസ്ഥർ നേരിടുന്ന വ്യക്തിപരമായ ബുദ്ധിമുട്ടുകളെക്കുറിച്ച് വിരമിച്ച് ഒരു മാസത്തിന് ശേഷം അദ്ദേഹം തുറന്നുപറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എ.ഡി.സിയായി മൂന്ന് വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷമാണ് 30-കാരനായ മുൻ സ്പെഷ്യൽ ഫോഴ്സ് ഓഫീസർ, വിരമിച്ചത്.

രാഷ്ട്രപതിയുടെ എ.ഡി.സിയായി പ്രവർത്തിക്കുമ്പോൾ വിവാഹം കഴിക്കാൻ പാടില്ലെന്ന കർശനമായ വ്യവസ്ഥയുണ്ടെന്ന് മേജർ ഋഷഭ് വെളിപ്പെടുത്തി. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നു എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ ത്യാഗം. സാധാരണക്കാരെപ്പോലെ പുറത്തുപോയി ജീവിതം ആസ്വദിക്കാൻ ഈ പദവിയിലിരിക്കുമ്പോൾ സാധിക്കില്ല. രാഷ്ട്രപതിയുടെ എ.ഡി.സി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവെച്ച് 24 മണിക്കൂറും ഡ്യൂട്ടിയിൽ ലഭ്യമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ 'വിവാഹനിരോധന' നിബന്ധന കൊണ്ടുവന്നിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ഉദ്യോഗസ്ഥർ സ്വമേധയാ സ്വീകരിക്കുന്ന വ്യവസ്ഥയാണിത്. ഭാരിച്ച ജോലിഭാരം കാരണം ഈ പദവി വേണ്ടെന്നുവെച്ച ഉദ്യോഗസ്ഥരുമുണ്ട്. രാഷ്ട്രപതിക്ക് ആകെ 5 എ.ഡി.സിമാരാണുള്ളത് — മൂന്ന് പേർ കരസേനയിൽ നിന്നും, ഓരോരുത്തർ വീതം നാവിക, വ്യോമസേനകളിൽ നിന്നുമാണ് ഈ ചുമതലയിലേക്ക് എത്തുന്നത്.

രാഷ്ട്രപതിയുടെ ഔദ്യോഗിക യാത്രകളിലും ചടങ്ങുകളിലും സർക്കാരുമായുള്ള ആശയവിനിമയങ്ങളിലുമെല്ലാം എ.ഡി.സിമാരുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധങ്ങളോ സുരക്ഷാവീഴ്ചകളോ ഉണ്ടാകാതിരിക്കാൻ എല്ലാ കാര്യങ്ങളും സെക്കൻഡുകൾ നിശ്ചയിച്ച് പ്ലാൻ ചെയ്യേണ്ടതുണ്ട്. എപ്പോഴും ജാഗരൂകരായിരിക്കേണ്ടതിനാൽ സാധാരണക്കാരുമായി അടുപ്പത്തിലാകാൻ ഭയമാണെന്നും എല്ലാവരെയും സംശയദൃഷ്ടിയോടെ കാണുന്നതാണ് തന്റെ ജോലിയുടെ സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ജാട്ട് റെജിമെന്റിലും പിന്നീട് 4 പാരാ സ്പെഷ്യൽ ഫോഴ്സിലും സേവനമനുഷ്ഠിച്ച ശേഷമാണ് മേജർ ഋഷഭ് സാംബ്യാൽ രാഷ്ട്രപതിയുടെ എ.ഡി.സിയാകുന്നത്. തുടർന്ന് മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുൻനിർത്തിയാണ് 12 വർഷത്തെ സേവനത്തിനുശേഷം സൈന്യത്തിൽ നിന്നും നേരത്തെ വിരമിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സദാചാര പൊലീസിംഗ് മര്യാദയോടും മാന്യമായും വേണം, പീഡനത്തെ അപലപിക്കുന്നതിനിടെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി
2 വരി പാടിയാൽ മതിയെന്ന ഉത്തരവ് നിയമ വിരുദ്ധം, വന്ദേമാതരം വിവാദത്തിൽ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണ‍ർ