വിദ്യാർത്ഥികളെക്കൊണ്ട് ദേശീയ ഗോ ശാസ്ത്ര പരീക്ഷ എഴുതിക്കണം, സർവകലാശാലാ വിസിമാർക്ക് യുജിസിയുടെ നിർദേശം

By Web TeamFirst Published Feb 18, 2021, 5:49 PM IST
Highlights

പശുവിന്റെ വൈശിഷ്ട്യത്തെക്കുറിച്ച് ദേശീയ തലത്തിൽ അവബോധമുണ്ടാക്കുവാൻ വേണ്ടിയുള്ള കേന്ദ്രത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ ദേശീയ ഗോ വിജ്ഞാന പരീക്ഷ നടത്തപ്പെടാൻ പോവുന്നത്.

രാജ്യത്തെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്ക്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അഥവാ യുജിസിയുടെ വക ഒരു പുതിയ തീട്ടൂരം വന്നിരിക്കുകയാണ്. അതാതു സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക്, സ്വേച്ഛയാ, 'ഗോ വിഗ്യാൻ' അഥവാ പശു ശാസ്ത്രത്തിൽ ഒരു പരീക്ഷ എഴുതാനുള്ള നിർദേശം നൽകണം എന്നതാണ് വിസിമാർക്ക് കിട്ടിയിട്ടുള്ള ഉത്തരവ്. 

പശു എന്ന ജീവിയുടെ വൈശിഷ്ട്യത്തെക്കുറിച്ചും അതിൽ നിന്ന് കിട്ടുന്ന ഗുണങ്ങളെക്കുറിച്ചുമൊക്കെ ദേശീയ തലത്തിൽ അവബോധമുണ്ടാക്കുവാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ ദേശീയ ഗോ വിജ്ഞാന പരീക്ഷ നടത്തപ്പെടാൻ പോവുന്നത്. നാലു ഘട്ടങ്ങളിലായി, ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പന്ത്രണ്ടു പ്രാദേശിക ഭാഷകളിൽ കൂടി ആയാണ് ഈ പരീക്ഷയുടെ സംഘാടനം നടക്കുക. കാമധേനു ഗോ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷ എന്നപേരിൽ അറിയപ്പെടുന്ന ഈ പരീക്ഷ ഫെബ്രുവരി 25 നാണ് നടത്തപ്പെടുക. 

ഈ ഒരു ഉദ്യമത്തിന് പരമാവധി പ്രചാരം നൽകണം എന്നും, കഴിയുന്നത്ര വിദ്യാർത്ഥികളെക്കൊണ്ട് ഈ പരീക്ഷ എഴുതിക്കണം എന്നുമാണ് യുജിസി വിസിമാർക്ക് എഴുതിയ കത്തിൽ പറഞ്ഞിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പശു  വകുപ്പാണ് ഈ പരീക്ഷയ്ക്ക് പിന്നിൽ. പരീക്ഷയെക്കുറിച്ചുള്ള വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ, ഈ പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ലക്ഷ്യമിട്ട് 54 പേജുകളുള്ള ഒരു റെഫറൻസ് ഡോക്യൂമെന്റും ഓൺലൈൻ ആയി യുജിസി അപ്‌ലോഡ് ചെയ്തിരുന്നു. അതിൽ ചാണകത്തിന്റെ അണുനാശക, ദന്തപ്രക്ഷാളന, റേഡിയോ ആക്റ്റീവ് രോധ ശേഷികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളുണ്ടായിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ ഈ റഫറൻസ് ഡോക്യുമെന്റ് പിൻവലിക്കപ്പെടുകയും ചെയ്‌തു.

click me!