ഭാര്യയുടെ പുകയില ചവയ്‌ക്കൽ വിവാഹമോചനത്തിനുള്ള കാരണമല്ല എന്ന് ബോംബെ ഹൈക്കോടതി

By Web TeamFirst Published Feb 18, 2021, 5:05 PM IST
Highlights


 ഭർത്താവ് എയിഡ്സ് രോഗബാധിതനാണ് എന്ന് തിരിച്ചറിഞ്ഞ ശേഷവും താൻ അയാളെ ഉപേക്ഷിക്കാതെ കൂടെ കഴിഞ്ഞു പോരുകയാണ് എന്ന് ഭാര്യ പറഞ്ഞു.

നാഗ്പൂർ: ഭാര്യയുടെ പുകയില ചവയ്ക്കുന്ന ശീലം കാരണമായി ചൂണ്ടിക്കാണിച്ചു കൊണ്ട് വിവാഹമോചനത്തിനുള്ള അപേക്ഷ നൽകിയത് കുടുംബ കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോയ യുവാവിന് തിരിച്ചടി. വിവാഹബന്ധം വേർപെടുത്താനും മാത്രം സാധുതയുള്ള ഒരു കാരണമായി അതിനെ കണക്കാനാവില്ല എന്ന കുടുംബകോടതിയുടെ വിധി ശരിവെച്ചുകൊണ്ട് ഹൈക്കോടതിയും ഉത്തരവിട്ടു. 

ഇങ്ങനെ ഒരു നിസ്സാരമായ കാരണത്തിന്റെ പേരിൽ വിവാഹബന്ധം തകർന്നാൽ കുട്ടികൾ പ്രയാസപ്പെടും എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയും ജസ്റ്റിസ് എ എസ് ചന്ദൂർക്കറും അടങ്ങിയ ബെഞ്ച് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയത്. 2003 -ൽ വിവാഹിതരായ നാഗ്പൂരിൽ നിന്നുള്ള ദമ്പതികൾക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണുള്ളത്.  

പുകയില ചവയ്ക്കുന്ന ശീലം പരിധിവിട്ട് ഭാര്യയുടെ വയറ്റിൽ ഒരു മുഴ വന്ന്, അതിന്റെ ചികിത്സയ്ക്കായി പണം ചെലവിടേണ്ടി വന്നപ്പോഴാണ് ഭർത്താവ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ, ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന്റെ പരാതികളാണ് ഭാര്യക്ക് കോടതി സമക്ഷം ബോധിപ്പിക്കാനുണ്ടായിരുന്നത്. ഒരു സ്‌കൂട്ടർ വാങ്ങി നൽകണം എന്ന ആവശ്യം നിറവേറാത്തതിന്റെ പേരിലാണ് ഭർത്താവിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ തനിക്ക് നേരിടേണ്ടി വന്നതെന്നും അവർ പറഞ്ഞു. മാത്രവുമല്ല, ഭർത്താവ് എയിഡ്സ് രോഗബാധിതനാണ് എന്ന് തിരിച്ചറിഞ്ഞ ശേഷവും താൻ അയാളെ ഉപേക്ഷിക്കാതെ കൂടെ കഴിഞ്ഞു പോരുകയാണ് എന്നും ഭാര്യ പറഞ്ഞു. 

click me!