
അലിഗഢ്: മുൻ കാമുകനെ സെക്‌സ്‌റ്റോർഷന് ഇരയാക്കിയ സംഭവത്തിൽ, യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അലിഗഢിലെ ക്വാർസി പ്രദേശത്താണ് സംഭവം. ബഹ്‌റൈനിൽ നിന്ന് തിരിച്ചെത്തിയ മേക്കപ്പ് ആർട്ടിസ്റ്റായ യുവതി തന്ത്രപൂര്‍വം യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തുകയായിരുന്നു. ക്വാർസി പ്രദേശത്തെ ഒരു ബേക്കറിയുടമയാണ് തട്ടിപ്പിനിരയായത്.
2024 ഓഗസ്റ്റ് വരെ തന്റെ വീടിനടത്തു താമസിച്ചിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ബഹ്റൈനിലേക്ക് പോയ യുവതി ഈ വർഷം ജൂൺ 18-ന് തിരികെ നാട്ടിലെത്തി. യുവാവിന് വാട്സാപ്പിലേക്ക് ഒരു മെസേജ് അയച്ചു. ഒരുമിച്ച് യാത്ര പോകാമെന്നുള്ള ക്ഷണമായിരുന്നു ഉള്ളടക്കം.
യുവതിയുടെ വാക്ക് വിശ്വസിച്ച്, ജൂൺ 28-ന് അവളുടെ ജന്മദിനത്തിൽ ഇയാൾ മഥുരയിലെ ഹോട്ടലിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിറ്റേന്ന് രാവിലെ ഇരുവരും അലിഗഢിലേക്ക് മടങ്ങി. അതേ ദിവസം വൈകുന്നേരം, ഹോട്ടൽ മുറിയിലെ ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ ഒരു അജ്ഞാത നമ്പറിൽ നിന്ന് ബേക്കറിയുടമയുടെ വാട്സാപ്പിൽ ലഭിച്ചു.
ഈ വീഡിയോ വൈറലാക്കുമെന്നും അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം, അഞ്ച് ലക്ഷത്തിന് പകരം ഏഴ് ലക്ഷം രൂപ വേണമെന്നായി. പണം ദില്ലിയിലെത്തിക്കാനായിരുന്നു നിര്‍ദേശം.ഈ വീഡിയോ ഇയാളുടെ സഹോദരന്റെയും ഭാര്യയുടെയും നമ്പറുകളിലേക്ക് അയച്ചുവെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പരാതിയിൽ നൽകിയിരുന്ന നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഖിർണി ഗേറ്റിലെ ബി.ടെക് ബിരുദധാരിയായ ക്ഷിതിജ് എന്ന നക്സ് ശർമ്മയുടെ പേര് പുറത്തുവന്നു. ക്ഷിതിജിന്റെ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് യുവതിയും ഇയാളും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് തിരിച്ചറിയുന്നത്. പിന്നീട് ഇരുവരും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
മഥുരയിലെ ഹോട്ടലിൽ മറ്റൊരു മുറി കൂടി ബുക്ക് ചെയ്ത് ക്ഷിതിജിനെ അവിടെ താമസിപ്പിച്ചു. ദില്ലിയിൽ നിന്ന് വാങ്ങിയ ഹിഡൺ കാമറകൾ മുറികളിൽ യുവതി തന്നെ സ്ഥാപിക്കുകയും താഴത്തെ മുറിയിലിരുന്ന് ലാപ്ടോപ്പിൽ ഇത് നിയന്ത്രിച്ച് ക്ഷിതിജ് വീഡിയോ പകര്‍ത്തുകയും ചെയ്തു. വൈഫൈ ഉള്ള ഹോട്ടൽ നോക്കി ബുക്ക് ചെയ്തായിരുന്നു പദ്ധതി നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam