
ലക്നൗ: മലയാളം ഉൾപ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. വാരണാസിയിൽ നടന്ന കാശി തമിഴ് സംഗമം 4.0യുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഉത്തർപ്രദേശ് സർക്കാർ തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളെ അവരുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’ യോഗി ആദിത്യനാഥ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഇനി അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇവയിൽ ഒന്ന് തിരഞ്ഞെടുക്കാൻ കഴിയും. പഠനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. യുവ വിദ്യാർത്ഥികളിൽ ഭാഷാപരമായ അവബോധം വളർത്തിയെടുക്കുന്നതിലൂടെ സാംസ്കാരിക ഐക്യം ശക്തിപ്പെടുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം വളരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിന്റെ പ്രതീകമായി കാശി തമിഴ് സംഗമം ഉയർന്നുവന്നിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശും തമിഴ്‌നാടും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച യുപി മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും രാമേശ്വരം, മധുര, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിക്കാനെത്തുന്നുണ്ടെന്നും ഇവിടങ്ങളിലേയ്ക്ക് പ്രത്യേക യാത്രാ പാക്കേജുകൾ ടൂറിസം വകുപ്പ് അവതരിപ്പിക്കുമെന്നും അറിയിച്ചു.
കാശിയും തമിഴ് പാരമ്പര്യങ്ങളും തമ്മിലുള്ള പുരാതന ബന്ധത്തെക്കുറിച്ചും യോഗി ആദിത്യനാഥ് ഊന്നിപ്പറഞ്ഞു. ശിവന്റെ ആരാധനയിലൂടെ രൂപപ്പെട്ടതും ആദി ശങ്കരാചാര്യർ ഇന്ത്യയിലുടനീളം പ്രധാന മതകേന്ദ്രങ്ങൾ സ്ഥാപിച്ചതിലൂടെ കൂടുതൽ ശക്തിപ്പെടുത്തിയതുമാണ് കാശിയും തമിഴ് പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പൂജാസാമഗ്രികൾ വിതരണം ചെയ്യുന്നത് ചെട്ടിയാർ സമൂഹമാണ്. കാശിയിലെ നിരവധി ഘട്ടുകളിൽ തമിഴ് സാന്നിധ്യം ഇപ്പോഴും ദൃശ്യമാണെന്നും ഇത് നിലനിൽക്കുന്ന സാംസ്കാരിക ബന്ധങ്ങളുടെ പ്രതിഫലനമാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.