71.5 ലക്ഷം രൂപയുടെ സ്വ‍ർണവുമായി മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

By Web TeamFirst Published Nov 10, 2019, 8:28 PM IST
Highlights

കോഴിക്കോട് സ്വദേശികളായ അമീർ , ഹാറൂൺ എന്നിവരാണ് പിടിയിലായത്. ഒന്നര മാസത്തിനിടെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിലായത് പതിനാല് പേ‍‍ർ.

ചെന്നൈ: അനധികൃത സ്വ‌‍‌ർണം കടത്താൽ ശ്രമിച്ച മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരുടെ വലയിലായി. എമിറേറ്റസ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ അമീര്‍ തെക്കുള്ളക്കണ്ടി, ഹാറൂണ്‍ നസര്‍ മോയത്ത് എന്നിവരാണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്. ഇവരിൽ നിന്ന് 71.5 ലക്ഷം രൂപയുടെ സ്വർണ്ണം അധികൃത‌‌‌‍ർ പിടിച്ചെടുത്തു. റബ്ബറിൽ പൊതിഞ്ഞ് ബെല്‍റ്റ് രൂപത്തില്‍ ജീന്‍സില്‍ തുന്നി ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

സ്വര്‍ണം റബറില്‍ പൊതിഞ്ഞ് ബെല്‍റ്റ് രൂപത്തില്‍ ജീന്‍സില്‍ തുന്നി ചേര്‍ത്തിരിക്കുകയായിരുന്നു. 1.82 കിലോ സ്വര്‍ണം ഇരുവരുടേയും ജീന്‍സില്‍ ഒളിപ്പിച്ചിരുന്നു. സംശയം തോന്നാതിരിക്കാന്‍ ബെല്‍റ്റ് ധരിക്കുന്ന ഭാഗത്ത് സ്വര്‍ണം ഒളിപ്പിച്ച് ഇതിന് മുകളില്‍ തുണി കൂടി തയ്ച്ച് ചേര്‍ത്തിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ഇരുപത്തിയേഴ് കിലോയോളം ഇറാനിയന്‍ കുങ്കുമപ്പൂവ് കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് എത്തിയ നാഗപട്ടണം സ്വദേശി മുഹമ്മദ് ജാവിദാണ് പിടിയിലായത്. 25 ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി ലഗേജ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കുങ്കുകമപ്പൂവ്.

ദക്ഷിണനേന്ത്യയിലേക്കുള്ള കള്ളകടത്തിന്‍റെ പ്രധാന മാര്‍ഗമായി തന്നെ ചെന്നൈ വിമാനത്താവളം മാറിയിരിക്കുകയാണ്. ഒന്നര മാസത്തിനിടെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് പതിന്നാല് പേരെ അറസ്റ്റ് ചെയ്തു. ഒരു കോടിയുടെ സ്വര്‍ണവും യുഎസ് ഡോളറുമായി പത്ത് സിങ്കപ്പൂര്‍ സ്വദേശികളെ മൂന്നാഴ്ച മുമ്പാണ് പിടികൂടിയത്.പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശികള്‍ ഒരു മാസം മുമ്പാണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്.

click me!