ബിഹാർ പ്രളയത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷിച്ചു; പട്ന നഗരം മൂന്ന് ദിവസമായി വെള്ളത്തിനടിയിൽ

By Web TeamFirst Published Sep 30, 2019, 9:00 PM IST
Highlights

മലയാളികൾ ഉൾപ്പടെയുള്ള 25,000 ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് വിവരം, കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയാണ് ഉത്തരേന്ത്യൻ നഗരങ്ങളിലെന്നാണ് വിലയിരുത്തൽ.  കനത്തമഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

പട്ന: ബിഹാറിലെ പ്രളയത്തിൽ കുടുങ്ങിയ മലയാളി കുടുംബങ്ങളെ രക്ഷപ്പെടുത്തി. രാജേന്ദ്ര നഗറിൽ കുടുങ്ങിയ പത്തോളം കുടുംബങ്ങളെയാണ് രക്ഷപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ദില്ലിയിലെ നോർക്ക അധികൃതരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിഹാർ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. 

മലയാളികൾ ഉൾപ്പടെയുള്ള 25,000 ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പല മന്ത്രിമാരുടെ വീടുകളും വെള്ളത്തിൽ മുങ്ങി. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദിയെയും കുടുംബത്തെയും ദുരന്തനിവാരണ സേന എത്തിയാണ് രക്ഷിച്ചത്. ബിഹാറിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 129 പേര്‍ മരിച്ചു.

ബിഹാറിലെ പട്ന നഗരം കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളത്തിനടിയിലാണ്. ലക്ഷക്കണക്കിന് പേരാണ് പ്രളയത്തിൽ കുടുങ്ങിയത്. പട്നയിലെ രാജേന്ദ്ര നഗറിൽ കുടുങ്ങിയ പത്തനംതിട്ട സ്വദേശികളെ വൈകിട്ടോടെയാണ് ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയത്. മലയാളികൾ കുടുങ്ങി കിടക്കുന്നു എന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ദില്ലിയിലെ നോര്‍ക്ക ഓഫീസ് ബീഹാര്‍ അധികൃതരുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയത്.

ബിഹാർ സംസ്ഥാനത്താകെ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാ‍ർ ഹെലികോപ്റ്ററിൽ സന്ദർശിച്ചു. ഉപമുഖ്യമന്ത്രി സുശീൽ മോദിയുടെ വസതിയിലും വെള്ളം കയറി. ദുരന്തനിവാരണ സേന എത്തിയാണ് സുശീൽ മോദിയെയും കുടുംബത്തെയും രക്ഷിച്ചത്. ഉത്തർപ്രദേശിലെ ബലിയ ജില്ലാ ജയിലിൽ വെള്ളം കയറിയതിനെ തുട‍ർന്ന് 500 തടവുകാരെ മാറ്റി പാർപ്പിച്ചു. 

ഉത്തർപ്രദേശിലെ പ്രളയക്കെടുതിയിൽ 100 പേർ മരിച്ചു. പശ്ചിമബംഗാളിൽ രൂപ് നാരായൺ നദിയിൽ അമ്പതുപേരുമായി പോയ ബോട്ട് മറിഞ്ഞു. 38 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയാണ് ഉത്തരേന്ത്യൻ നഗരങ്ങളിലെന്നാണ് വിലയിരുത്തൽ.  കനത്തമഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

 

click me!